അഴക് ഏറെയാണ് അഹാനയ്ക്കും ഈ പാട്ടിനും!

അഹാന കൃഷ്ണ സംസാരിക്കുന്നതു കേട്ടാൽ ഒരിക്കലും പറയില്ല പാടുന്ന ആളാണ് എന്ന്. പക്ഷേ ആ ധാരണ തെറ്റാണെന്ന് അഹാന തെളിയിച്ചു കഴിഞ്ഞു. കണ്ണടച്ചു വച്ച് കാറ്റിന്റെ സ്വരം മനസിൽ ചേർത്ത് അഹാന പാടിയ ഈ പാട്ടിനും അതിന്റെ ദൃശ്യങ്ങളും ഇപ്പോൾ‍ ഏറെ പ്രിയപ്പെട്ടതാകുകയാണ്. വിടർന്ന കണ്ണുള്ള അഹാനയ്ക്കും ഈ പാട്ടിനും ദൃശ്യങ്ങൾക്കും അഴകേറെയാണ്. കാട്രിൻ മൊഴി, കാറ്റേ നീ വീശരുതിപ്പോൾ, കാട്രേ എൻ വാസൽ എന്നീ ഗാനങ്ങളുടെ മാഷ് അപ് കവർ വേർഷനാണിത്. അനുഷ്ക ഷെട്ടിയാണ് പാട്ട് ലോഞ്ച് ചെയ്തത്. 

വെള്ള ഗൗൺ അണിഞ്ഞ് അലസമായി മുടി പാറിച്ച് പ്രണയാർദ്ര ഭാവങ്ങളോടെ ആ മനോഹരമായ പശ്ചാത്തലത്തിൽ നിന്നു അഹാന അതിസുന്ദരിയാണ്. നല്ല പാട്ടു സെലക്ഷനും അതിന്റെ അവതരണവും ആവിഷ്കാരവും ശ്രദ്ധേയം.ഗിത്താറും വയലിൻ നാദത്തിന്റെ വിവിധ സ്വരങ്ങളും മാത്രമുള്ള ഓർക്കസ്ട്രയ്ക്കൊപ്പം താഴ്‍വാരങ്ങളുടെ പശ്ചാത്തല ഭംഗിയിലുള്ള ദൃശ്യങ്ങളും കൂടിയാകുമ്പോൾ ഒരു കാറ്റു പോലെ മനസോടു ചേരും ഈ സംഗീത ആൽബം. റിതു വൈശാഖ്, വർക്കി എന്നിവരാണ് ഓർക്കസ്ട്രയിലും ബാക്കിങ് വോക്കലിലുമായുള്ളത്. ശ്യാമപ്രകാശ് എം.എസ് ആണ് വിഡിയോ സംവിധാനം ചെയ്തത്. നിമിഷ് രവിയുടേതാണ് കാവ്യാത്മകമായ ഛായാഗ്രഹണം. 

 അഹാനയുടെ അച്ഛൻ കൃഷ്ണൻ കുമാർ പാടി അഭിനയിച്ച പാട്ടാണ് കാറ്റേ നീ വീശരുതിപ്പോൾ എന്ന പ്രത്യേകതയുമുണ്ട്. ഒഎൻവി-എംജി രാധാകൃഷ്ണൻ സംഘമൊരുക്കിയ ഗാനം പാടിയത് കെ.എസ്.ചിത്രയാണ്. മൊഴി എന്ന ചിത്രത്തിൽ വിദ്യാസാഗർ ഈണമിട്ട് വൈരമുത്തു എഴുതി സുജാത പാടിയ പാട്ടാണ് കാട്രിൻ മൊഴി. വൈരമുത്തു തന്നെ എഴുതി റഹ്മാൻ ഈണമിട്ട പാട്ടാണ് റിഥം എന്ന ചിത്രത്തിലെ കാട്രേ എൻ വാസൽ. ഉണ്ണി കൃഷ്ണനും കവിത കൃഷ്ണമൂർത്തിയും ചേർന്നാണീ ഗാനം പാടിയത്.  കാറ്റിൻ താളങ്ങൾ പ്രണയഭാവങ്ങളോടു ചേർത്തു വച്ച് തീർത്ത എക്കാലത്തേയും മൂന്നു പ്രണയഗാനങ്ങൾക്ക് അഹാന ഒരുക്കിയ കവർ വേർഷൻ യുട്യൂബിൽ മികച്ച പ്രതികരണമാണു നേടുന്നത്.