കണ്ടുമതിവരില്ല ഈ അഴകും നൃത്തവും: പത്മാവതിയിലെ ആദ്യ ഗാനം

അഭൗമ സൗന്ദര്യമുള്ളവരാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ നായികമാർ. എത്ര നോക്കി നിന്നാലും കൗതുകം തീരാത്ത ചിത്രപ്പണികളുള്ള പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ നായികമാർ. ദീപിക പദുക്കോണിനെ നായികയാക്കി അദ്ദേഹമൊരുക്കുന്ന ചിത്രമാണ് പത്മാവതി. സിനിമിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദേവതയെ പോലെയാണ് ദീപിക. ഘൂമര് എന്ന ഗാനമാണിത്. 

ശ്രേയ ഘോഷാലും സ്വരൂപ് ഖാനും ചേർന്നു പാടിയ പാട്ടിന് ഭംഗിയേറെ. ബോളിവുഡിൽ നിന്ന് പുറത്തിറങ്ങിയ ഏറ്റവും മനോഹരമായ ഡാൻസ് നമ്പറുകളിലൊന്നായി മാറും ഇതെന്നതിൽ സംശയമില്ല. ബൻസാലിയുേടതാണു സംഗീതവും. വരികൾ എ.എം. തുരാസിന്റേതാണു വരികൾ.

കൊട്ടാരത്തിന്റെ നടുവിൽ ദീപങ്ങളുടെ വെളിച്ചത്തിൽ മനോഹരമായ ലെഹംഗയും ആഭരണങ്ങളുമണിഞ്ഞ് ഒരു വലിയ സംഘത്തിനോടൊപ്പമാണ് ദീപികയുടെ നൃത്തം. വിളക്കുകൾ കയ്യിലേന്തിയുള്ള നൃത്തത്തിൽ ദീപിക അതീവ സുന്ദരിയാണ്. ഇത്രയും മനോഹരിയായി ഈ നായികയെ മുൻപ് കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്.

400 കിലോ സ്വർണം ഉപയോഗിച്ചാണ് പത്മാവതിയ്ക്കായി ആഭരണങ്ങൾ‌ തീർത്തത്. 200ഓളം ആളുകൾ 600 ദിവസമെടുത്താണ് പത്മാവതിക്കുള്ള ആഭരണങ്ങൾ പൂർത്തിയാക്കിയത്.