ഒരു വിഡിയോ ഒരുപാട് ശ്രദ്ധിക്കപ്പെട്ടാൽ നമ്മൾ പറയും വൈറലായി എന്ന്. അങ്ങനെയുള്ള കുറച്ച് വിഡിയോകളെ കുറിച്ചാണ് പറയുന്നത്. എന്നും വൈറലായി നിൽക്കുന്ന ഗാനങ്ങൾ. പുതിയ ഗാനങ്ങളൊന്നുമല്ല ഇവ. കുട്ടികളായിരുന്നപ്പോഴേ കേട്ടതാണ്. അന്ന് വരികളും മറ്റും തെറ്റിച്ചാണ് പാടി നടന്നത്. മുതിർന്നപ്പോഴും അതിന് മാറ്റമൊന്നുമില്ല. അത്തരത്തിലുള്ള കുറച്ച് ഗാനങ്ങളിലൂടെ...
ബാർബി ഗേൾ.
ഐ ആം എ ബാർബി ഗേൾ. ഇൻ എ ബാർബി വേൾഡ്. ലൈഫ് ഈസ് ഇൻ പ്ളാസ്റ്റിക് ഇറ്റ്സ് ഫന്റാസ്റ്റിക്.. ഈ വരികൾ ചിലപ്പോൾ അധികമാർക്കും അറിയാനിടയില്ല. എന്നാൽ കുറച്ചു പിന്നിലേക്കു സഞ്ചരിക്കുമ്പോൾ ഹമ്പമ്പാടി ഡിസ്കംമ്പാടി എന്നൊക്കെ പാടി കുട്ടികൾ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. യുട്യൂബ് കാലഘട്ടത്തിനും പിന്നിലേക്ക്. വെംഗാബോയ്സിന്റെയൊക്കെ ഗാനങ്ങൾ വള്ളിക്കാസറ്റുകളിൽ കറങ്ങി ഉത്സവപ്പറമ്പുകളെ ഞെട്ടിച്ച കാലം. വി ലൈക്ക് ടു പാർട്ടിയും ബും ബും ബും ഒക്കെ ഉത്സവപ്പറമ്പുകളിൽ ചൂടപ്പമായിരുന്നു.
അർഥമറിയാതെ അനുകരിക്കാൻ ശ്രമിച്ചിരുന്ന പാശ്ചാത്യ ഗാനങ്ങളിൽ ഏറ്റവും പ്രശസ്തമായിരുന്നു ഹമ്പമ്പാടി ഡിസ്കംമ്പാടി...എന്ന ഗാനം. അക്വായെന്ന ആൽബത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു നമ്മുടെ നാട്ടിലും. ഐ ആം എ ബാർബി ഗേൾ എന്ന ഗാനമായിരുന്നു ഇന്ന് മുതിർന്നവരായ അന്നത്തെ കുട്ടികളുടെ ഹമ്പമ്പാടി ഡിസ്കംമ്പാടി. യുട്യൂബ് കാലഘട്ടത്തിലേക്കു വന്നിട്ടും ഗാനത്തിന്റെ ജനപ്രീതി കുറഞ്ഞില്ല. Aqua - Barbie Girl എന്ന വീഡിയോയ്ക്ക് യുട്യൂബില്‍ ഇതുവരെ കാഴ്ചക്കാർ 43 കോടിയാണ്.
വരാം വരാം പൂച്ചാണ്ടി
വരാം വരാം പൂച്ചാണ്ടി റെയില് വണ്ടിയിലെ, വാരണാസി കോട്ട താണ്ടി മെയിലുവണ്ടിയിലെ... മൊബൈൽ കളർഫുൾ ആയപ്പോൾ ഹിറ്റ് ആയ പാട്ടുകളിലൊന്നായിരുന്നു. 2003 ൽ പുറത്തിറങ്ങിയ ഇരണ്ടുപേർ എന്ന സിനിമയിലെ പാട്ടാണിത്. ഒരു അനിമേഷൻ കഥാപാത്രത്തിന്റെ വിഡിയോയിൽ ഈ ഗാനം റീമിക്സ് ചെയ്തപ്പോഴാണ് ഹിറ്റായതെന്നു മാത്രം. കരയുന്ന കുട്ടികളെ നിശബ്ദമാക്കാനുള്ള രസകരമായ താളവും ചിത്രീകരണവുമായിരുന്നു പാട്ടിന്റെ പ്രത്യേകത.
വാണ്ടഡ് മോസ്റ്റ് അനോയിങ് തിങ് ഇൻ ദ് വേൾഡ്
അനിമേഷൻ സാധ്യതകൾ അത്രയൊന്നും കടന്നുവരാത്ത കാലഘട്ടത്തിൽ ഞെട്ടിച്ചതാണ് ക്രേസി ഫ്രോഗ്. വിചിത്രമായ ഒരു ലോകത്തെ തവളയുടെ രൂപത്തിലുള്ള വിചിത്ര ജീവിയും അതിനെ പിന്തുടരുന്ന റോബട്ടുകളും. വരികളൊന്നും ഇല്ലാത്ത മ്യൂസിക്കും. പക്ഷേ ഒരു കാലഘട്ടത്തില്‍ കുട്ടികളുടെ ഹരമാകാൻ ഈ വീഡിയോയ്ക്കു കഴിഞ്ഞു.
ആക്സെൽ എഫ് ആണ് 2005 ൽ ഈ ഗാനം റെക്കോർഡ് ചെയ്തത്. 2003 ൽ സ്വീഡനിലാണ് ക്രേസി ഫ്രോഗ് എന്ന അനിമേഷൻ കഥാപാത്രത്തിന്റെ പിറവി. 9 വർഷം മുമ്പ് യുട്യൂബിലെത്തിയ ഈ വിഡിയോകളിൽ ഒരെണ്ണത്തിന്റെ കാഴ്ചക്കാർ മാത്രം 75 കോടി ആളുകളാണ്.
1997 ൽ ഒരു പതിനേഴുകാരൻ വിദ്യാർഥി 2 സ്ട്രോക്ക് എൻജിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ മ്യൂസിക് പിറവിയെടുത്തതത്രെ. 2003 ൽ എറിക് വെങ്ക്വിസ്റ്റ് ഈ സംഗീതത്തെ അനോയിങ് തിങ് അനിമേഷനുമായി കൂട്ടിച്ചേർത്തതോടെ സംഭവം പിടിവിട്ടുപോയി
പഞ്ചാര വിറ്റു നടന്നു കുഞ്ചു
കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ, അഞ്ചാമനോമനക്കുഞ്ചുവാണേ, പഞ്ചാര വിറ്റു നടന്നു കുഞ്ചു പഞ്ചാരക്കുഞ്ചുവെന്നു പേരുവന്നു..
അടുക്കള രഹസ്യം അങ്ങാടിപ്പാട്ടെന്ന സിനിമയിൽ കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ .... എന്ന കുട്ടിക്കവിതയുടെ നാലുവരികൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഹിബിസ്കസ് മീഡിയ മനോരമ മ്യൂസിക്കുമായി ചേർന്ന് പുറത്തിറക്കിയ മഞ്ചാടിയിലൂടെയാണ് കുഞ്ചു വീണ്ടും കുട്ടികളുടെ പഞ്ചാരയായി മാറിയത്. വിഡിയോ പ്ലേയറുള്ള മൊബൈലിന്റെ ആരംഭകാലഘട്ടത്തിൽ കുഞ്ചുവിന്റെ ഗാനം വിഡിയോ ഗാലറിയിലില്ലാത്തവർ കുറവായിരുന്നു.