നമ്മളൊരു കയ്യകലത്തിലിരുന്നാൽ മാത്രമേ ക്രിയാത്മകമായ ചില കാര്യങ്ങൾ പൂർത്തിയാക്കാനാക്കൂ എന്നാണൊരു ചിന്തയുണ്ട്. ഫെയ്സ്ബുക്കും വാട്സ് ആപ്പും വന്നതോടെ ആ ചിന്തയ്ക്ക് കുറേക്കൂടി അയവു വന്നിട്ടുണ്ടെങ്കിൽ കൂടി. എന്തായാലും ഇവിടെ ബഹ്റിനിലും കേരളത്തിലും ഓസ്ട്രേലിയയിലുമൊക്കെയിരുന്ന് കുറേ സുഹൃത്തുക്കൾ ചേർന്ന് മ്യൂസിക് വിഡിയോകൾ ചെയ്യുകയാണ്. അതിലൊരെണ്ണം പുറത്തിറങ്ങി. മഴയേ എന്നു തുടങ്ങുന്നൊരു മനോഹരമായ പ്രണയഗാനം. ബഹ്റിനിലിരുന്ന് ബെഞ്ചമിൻ ജോ എഴുതി ഈണമിട്ട പാടിയ പാട്ടാണിത്. പേരു പോലെ മഴയുള്ള പ്രണയാർദ്രമായ രാത്രികളുടെ അനുഭൂതി പങ്കുവയ്ക്കുന്നൊരു ഗാനം.
ആൻ ആണ് വിഡിയോയിലെ നായിക.ബഹ്റിനിൽ നിന്ന് അബ്ഷറാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അർജുൻ മുരളിയാണ് വിഡിയോയിലെ സംഗീതത്തിനു പ്രോഗ്രാമിങും അറേഞ്ച്മെന്റും നിർവ്വഹിച്ചത്. ഇരുവരും ബെഹ്‍റിനിലാണ്. ഇന്ത്യയിലിരുന്ന് ജസ്റ്റിൻ ജയിംസ് ആണ് വിഡിയോയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കിയത്. ജസ്റ്റിനും സംഗീത സംവിധായകനാണ്. ഈ സംഘത്തിന്റെ അടുത്ത സംഗീത വിഡിയോകളുടെ മ്യൂസിക് പ്രോഗ്രാമിങും അറേഞ്ച്മെന്റും ജസ്റ്റിനാണ് നിർവ്വഹിക്കുക. ഇതുപോലുള്ള സംഗീത വിഡിയോകൾ രണ്ടാഴ്ചയിലൊരിക്കൽ പുറത്തിറക്കാനാണ് ബെഞ്ചമിൻ ജോയുടേയും സംഘത്തിന്റെയും പദ്ധതി. രാജ്യങ്ങളുടെ അതിർത്തികൾ സംഗീത സൃഷ്ടികളിലൂടെ അതിജീവിക്കണം എന്നൊരു ഉദ്ദേശവും ഇവർക്കുണ്ട്. ഓസ്ട്രേലിയയിലും അമേരിക്കയിലുമുള്ള സുഹൃത്തുക്കൾക്കൊപ്പം ഇത്തരം സംഗീത വിഡിയോകളുമായി ഉടൻ ബെഞ്ചമിൻ ജോ എത്തും.
എന്തായാലും പ്രണയവും മഴയും ഒന്നാണെന്ന് വീണ്ടും നമ്മോടു പറഞ്ഞ ഈ പാട്ടും അതിലെ ദൃശ്യങ്ങളും രാത്രിമഴ പോലെ സുന്ദരമാണ്. ബെഹ്റിനിൽ പഠിച്ച സ്കൂളിനു വേണ്ടി മുൻപ് ബെഞ്ചമിൻ ജോ തയ്യാറാക്കിയ ആന്തം സോങ് ഏറെ ശ്രദ്ധ നേടിയിരുന്നു. നടി മംമ്തയാണ് ആ പാട്ട് ആലപിച്ചത്.
ഇതുപോലുള്ള മനോഹരമായ പാട്ടുകളും പാട്ടു വിശേഷങ്ങൾക്കും സന്ദര്‍ശിക്കൂ...