ഒരിക്കൽ സ്മ്യൂൾ എന്ന ആപ്ലിക്കേഷനിലൂടെ പാടി ഞെട്ടിച്ചിട്ടുണ്ട് അനുശ്രീ. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടാണ് അന്നു പാടിയത്. വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് അനുശ്രീയുടെ മറ്റൊരു ഗാനം. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയൊക്കെ പറഞ്ഞുകൊണ്ടാണ് പാട്ട് ആരാധകരുമായി പങ്കുവച്ചതെങ്കിലും സംഗതി ഗംഭീരമായിട്ടുണ്ട്.
റിയാസ് എന്നയാൾ ഗിത്താർ വായിക്കുന്നതിനോടൊപ്പമാണ് അനുശ്രീയുടെ ആലാപനം. ഋതുമതിയായ് എന്നു തുടങ്ങുന്ന പാട്ടിന്റെ ഏതാനും ചില വരികളാണ് ഈ ജാമ്മിങിൽ താരം പാടിയത്. എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ഏറ്റവും മനോഹരമായ വരികൾ. അതെന്റെ ഹൃദയം കവര്‍ന്നു. ഞാൻ അതിനെ എന്നിലേക്കു ചേർക്കുന്നു...എന്നു കുറിച്ചു കൊണ്ടാണ് ഈ പാട്ടിനോടുള്ള ഇഷ്ടം താരം വ്യക്തമാക്കിയത്. പാട്ടിൽ നടി അൽപം സീരിയസ് ആണ് എന്നാണ് ഒരു മിനുട്ട് മാത്രം ദൈർഘ്യമുള്ള വിഡിയോ പറയുന്നത്.
മഴനിലാവ് എന്ന ചിത്രത്തിലേതാണീ ഗാനം. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററാണ് സംഗീതം പകർന്നത്. യേശുദാസും ലത രാജുവും ചേര്‍ന്നാണീ ഗാനം പാടിയത്.