ഒരുവട്ടം കൂടി കേൾക്കാൻ കൊതിക്കുന്ന മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിനും അദ്ദേഹത്തിന്റെ ശബ്ദം ജീവൻ നൽകിയ ഗാനങ്ങൾക്കും സംഗീതത്തിലൂടെ തന്നെ ആദരമറിയിക്കാൻ തയാറെടുക്കുകയാണു ഗാനരചയിതാവും മുൻ മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് എം.ഗിരിനാഥ്.
യേശുദാസിനെക്കുറിച്ചു ശ്രീകാന്ത് തന്നെ രചിച്ച ഗാനം യേശുദാസ് പാടിയിയിട്ടുള്ള 12 ഭാഷകളിലും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. മലയാളത്തിൽ രചിച്ച ഗാനം ഇക്കഴിഞ്ഞ 10ന് യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ ശ്രീക്ക് മ്യൂസിക്സ് എന്ന യുട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരുന്നു.
ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടച്ചു പറ്റിയ ആ ഗാനത്തിന്റെ മറ്റു ഭാഷകളിലുള്ള പരിഭാഷയാണു വരാനിരിക്കുന്നത്. ഇംഗ്ലിഷ്്, ഹിന്ദി, തമിഴ് പരിഭാഷകൾ നിർവഹിച്ചിരിക്കുന്നതു ഗാനരചയിതാവ്് ശ്രീകാന്ത് എം.ഗിരിനാഥ് തന്നെ. ഇതിനു പുറമേ കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, ഒറിയ, തുളു, അറബിക്, സംസ്കൃതം എന്നീ ഭാഷകളിലാണു ഗാനം അവതരിപ്പിക്കുന്നത്. അടുത്ത പിറന്നാളിനകം ഇതു പൂർത്തികരിച്ച് ഇഷ്ടഗായകനുള്ള ആദരം പ്രകടിപ്പിക്കുകയാണു ലക്ഷ്യം. പേട്ട കാർത്തിക നഗറിൽ ‘വൈശാഖി’ എന്ന ഗിരിനാഥിന്റെ വീട് ഒന്നടങ്കം ഈ സ്വപ്നത്തിനു പിന്നാലെയാണ്.
ഈ ഗാനത്തിന് ഓൺലൈൻ വേദികളിൽ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. അനവധി ഭക്തിഗാനങ്ങളുടെ രചയിതാവ് കൂടിയായ ഇദ്ദേഹം കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിന്റെയും മലയാളം ശേഷ്ഠഭാഷയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ ഗാനങ്ങൾ എഴുതി ശ്രദ്ധ നേടിയിരുന്നു.
യേശുദാസിന്റെ തരംഗനിസരി സ്കൂൾ ഓഫ് മ്യൂസിക്കിലെ ക്ലാസിക്കൽ സംഗീത അധ്യാപകൻ പി.എസ്.ജ്യോതികുമാറാണു ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘ജഗദീശ്വരൻ ജന്മമേകിയ...’ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതു ശ്രീരഞ്ജിനി രാഗത്തിലാണ്. ചലച്ചിത്ര പിന്നണിഗായകൻ രവിശങ്കർ ആലപിച്ച ഈ ഗാനത്തിനു സംഗീതം നിർവഹിച്ചിരിക്കുന്നതു സംഗീത സംവിധായകൻ കൂടിയായ രാജീവ്് ശിവയാണ്.
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിലെ അസിസ്റ്റന്റ് എഡിറ്ററായ ശ്രീകാന്ത് എം.ഗിരിനാഥ്. മികച്ച പത്രപ്രവർത്തകനുള്ള കൊല്ലം പ്രസ് ക്ലബ്ബിന്റെ ആർ.കൃഷ്ണസ്വാമി സ്മാരക പത്രപ്രവർത്തക അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. കൃഷ്ണപക്ഷം, തത്ത്വസോപാനം, ദേവീഗീതം, ഹരിഹരസുതൻ എന്നീ പേരുകളിൽ സംഗീത ആൽബങ്ങളിലായി ഇരുപതോളം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.