പുതിയ ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'ന്റെ ഓഡിയോ ലോഞ്ചിനിടെ മമ്മൂട്ടിയുടെ നർമ പ്രസംഗം. വളരെ കഷ്ടപ്പെട്ടാണ് 'കുട്ടനാടൻ ബ്ലോഗിലെ' ഒരു പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഈ സിനിമയുടെ ഡാൻസ് മാസ്റ്റർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാവുക. കാരണം പുതിയ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ അദ്ദേഹം ബുദ്ധിമുട്ടിക്കാണുമെന്നു മമ്മൂട്ടി ഹാസ്യരുപേണ പറഞ്ഞു.
എന്നെ പോലെയുള്ള ഒരു നർത്തകനെ പഠിപ്പിക്കാൻ അദ്ദേഹത്തിനു സന്തോഷമേ ഉണ്ടാകൂ. പിന്നെ കൂടെയുള്ളതു കുട്ടികളല്ലെ പോട്ടെ എന്നു ഞാൻ വിചാരിച്ചു എന്നു മമ്മുട്ടി പറഞ്ഞതു സദസിൽ ചിരിപടർത്തി.
എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നായിരുന്നു സദസിനോടു മമ്മൂട്ടിയുടെ ചോദ്യം. ഞാൻ ഒരു തഴക്കവും പഴക്കവുമുള്ള നർത്തകനാണെന്നു എല്ലാവർക്കും അറിയാമല്ലോ. അന്ന് കൂടെ നൃത്തം ചെയ്ത കുട്ടികൾക്കൊപ്പം അവരുടെ താളത്തിനൊത്തു ഞാൻ തുള്ളി. ഈ പാട്ടിന്റെ ചിത്രീകരണത്തിനു ശേഷം ഞാൻ മുന്നു ദിവസം പനി പിടിച്ചു കിടന്നു. സിനിമയുടെ ഷൂട്ടിങിനെ ബാധിക്കരുതെന്നു കരുതി ഞാൻ വീണ്ടും സെറ്റിലെത്തി. കുട്ടനാട്ടിൽ വച്ചു തന്നെയായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. അവിടെയായിരുന്നു എന്റെ നൃത്തവും. ഏതായാലും കുട്ടനാട്ടിലെ ജനങ്ങളോടു നന്ദിയുണ്ട്. കാരണം അത്രയും ദിവസം പാട്ടും നൃത്തവും സഹിച്ചല്ലോ. എന്നു മമ്മൂട്ടി പറഞ്ഞതു സദസിൽ ചിരിയുടെ മാലപ്പടക്കം തീർത്തു
ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്താണ്. യേശുദാസിന്റെ ശബ്ദമാണ് അഭിജിത്തിനു കിട്ടിയ അനുഗ്രഹം. ഇയാളെ പറ്റി വലിയ പരാതിയായിരുന്നു. കഴിഞ്ഞ പ്രാവശ്യം സ്റ്റേറ്റ് അവാർഡിനു പരിഗണിച്ചപ്പോൾ ഇയാൾക്കൊരു ദോഷം പറഞ്ഞത് യേശുദാസിന്റെ ശബ്ദമാണെന്നാണ്.ആദ്യമായാണ് യേശുദാസിന്റെ ശബ്ദം കിട്ടുന്നതു അയോഗ്യതയമായി മാറുന്നത്. യേശുദാസിന്റെ ശബ്ദമല്ല. സ്വന്തം ശബ്ദത്തിൽ പാടണമെന്നാണു ഞാൻ അഭിജിത്തിനോടു പറഞ്ഞു . അങ്ങനെ യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നതല്ല, തന്റെ ശബ്ദം അങ്ങനെയാണെന്നായിരുന്നു അഭിജിത്തിന്റെ മറുപടി. അപ്പോഴാണ് അഭിജിത്തിന്റെ ശബ്ദം ശരിക്കും യേശുദാസിന്റെ ശബ്ദം പോലെ തന്നെയാണെന്നു മനസിലായതെന്നും മമ്മൂട്ടി പറഞ്ഞു.
കുട്ടനാടിന്റെ എല്ലാ മനോഹാരിതയും ഉൾപ്പെടുത്താൻ ഈ ഗാനങ്ങളിലൂടെ കഴിഞ്ഞു. പാട്ടുകളെ ഭംഗിയാക്കാൻ കുട്ടനാട്ടിലെ ജനങ്ങൾ നന്നായി സഹകരിച്ചു. അവരോടു നന്ദിയുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ചിത്രത്തിൽ അഞ്ചു ഗാനങ്ങളാണുള്ളത്. ഒരു ഗാനം ആലപിച്ചതു ചലച്ചിത്ര താരം ഉണ്ണി മുകുന്ദനാണ്. നവാഗതനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീതം. വിനീത് ശ്രീനിവാസൻ, റിമി ടോമി, ഉണ്ണി മുകുന്ദൻ, അഭിജിത്ത് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ഓണത്തിനു 'ഒരു കുട്ടനാടൻ ബ്ലോഗ്' തീയറ്ററിലെത്തും