ദിൽബർ ദിൽബർ എന്ന ഗാനത്തിനു ശേഷം പ്രശസ്ത നർത്തകി നോറ ഫത്തേഹി കേരളത്തിലേക്ക്. റോഷൻ ആൻഡ്രൂസ് ചിത്രം 'കായംകുളം കൊച്ചുണ്ണി'യിലൂടെയാണ് നോറ എത്തുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായാണ് നോറ എത്തുക.
ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതം. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേർന്നു ആലപിച്ച 'കളരി അടവും ചുവടിനഴകും' എന്ന ഗാനം ഏറെ ശ്രദ്ധനേടി. കൊച്ചുണ്ണിയുടെ കളരി പരിശീലനവും പ്രണയവും മെയ്ക്കരുത്തുമാണ് ഗാനത്തിലുള്ളത്. നിവിൻ പോളിയും പ്രിയ ആനന്ദുമാണ് ഗാനത്തിൽ എത്തിയത്. ഇത്തിക്കര പക്കിയായി മോഹന്‍ലാൽ എത്തുന്നു എന്നതാണു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
സത്യമേവ ജയതേ എന്ന ചിത്രത്തിലെ 'ദിൽബര്‍ ദിൽബർ' എന്ന ഗാനത്തിലെ നോറയുടെ ബെല്ലി ഡാൻസ് ഏറെ പ്രശംസ നേടിയിരുന്നു. 1999ല്‍ പുറത്തിറങ്ങിയ 'സിർഫ് തും' എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമിക്സാണ് പുതിയ ഗാനം. ആസ്വാദകർക്ക് സുപരിചിതമായ ഗാനം നോറയുെട ബെല്ലി ഡാൻസിൽ കൂടുതൽ മനോഹരമായെന്നായിരുന്നു വിലയിരുത്തൽ