ഈണങ്ങള്‍ക്കിത് പുതിയ കാലമാണ്. ഈ കാലത്തില്‍ മെലഡികള്‍ അധികമെത്തുന്നില്ലെന്ന പതംപറച്ചിലിനിടയിലും, കാത്തിരുന്നു പെയ്‌തൊരു മഴ പോലെ ചില പാട്ടുകളെത്താറുണ്ട്. മെലഡികളുടെ സുഖം പകരുന്ന വേറിട്ട ചില ഗാനങ്ങളും വിരുന്നു വരാറുണ്ട്. അങ്ങനെ കുറേ കാലങ്ങളായി മനസ്സോടു ചേര്‍ന്നു നില്‍ക്കുന്ന, റിപ്പീറ്റ് മോഡില്‍ കേട്ടുകൊണ്ടിരിക്കുന്ന കുറേ നല്ല മലയാളം മെലഡികളിലേക്ക്...
മേടസൂര്യന്റെ
മഞ്ചാടിക്കുരു പോലെയാണ് ഓര്‍മകള്‍. ഇലകള്‍ക്കിടയില്‍ നിന്നു പെറുക്കിയെടുത്തു വെറുതെ നോക്കിയിരിക്കും നേരം ആ കുഞ്ഞു മഞ്ചാടിയുടെ മുഖത്തേയ്ക്കു നോക്കിയിരുന്നു ആഴ്ന്നിറങ്ങുന്ന നമ്മുടെ വേരുകളിലേക്കാണ്. അതുപോലെ ചില പാട്ടുകളും ആ വേരുകളിലേക്കു മനസ്സിനെ കൈപിടിക്കും. പൂമാതയെ കുറിച്ചു പാടിയ പാട്ടും മനോഹരമാണ്. മണ്ണിന്റെ മണമുള്ള പാട്ട്, അത്തരത്തിലുള്ള ഒരുപാട് ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുള്ള ബിജിബാലാണു പാടിയത്. സംഗീതം നല്‍കിയത് അദ്ദേഹം ഒരുപാട് നല്ല ഗാനങ്ങള്‍ പാടിച്ചിട്ടുള്ള രണ്ട് ഗായകരും. സിത്താരയും മിഥുന്‍ ജയരാജുമാണ് ഉടലാഴം എന്ന ചിത്രത്തിലെ പാട്ടുകള്‍ക്കു സംഗീതം പകര്‍ന്നത്. ബാക്കിങ് വോക്കലും സിത്താരയുടേതാണ്. വരികള്‍ ഉണ്ണികൃഷ്ണന്‍ ആവളയുടേതും.
ആരാരോ...
മഞ്ഞു പെയ്യുന്നൊരിടവഴിയിലൂടെ പാറിപ്പോകുന്നൊരു പെണ്‍കുട്ടി. കണ്‍ നിറയെ കൗതുകവും കുസൃതിയുമുള്ളൊരു പെണ്‍കുട്ടി. ചില്ലിട്ട ജനല്‍ പാളികളില്‍ വിരലുകളാല്‍ കുഞ്ഞു ചിത്രം വരച്ച് ചിരിച്ചു നിന്ന അവളുടെ പാട്ടായിരുന്നു ആരാരോ...ആന്‍ ആമിയുടെ മൃദുലമായ, റൊമാന്റിക് ആയ സ്വരഭംഗിയിലുള്ള ഗാനം. റഫീഖ് അഹമ്മാദയാരുന്നു പാട്ടെഴുതിയത്. സംഗീത സംവിധായകനായ രഘു ദീക്ഷിതിന്റെ ആദ്യ മലയാള ഗാനവും കൂടിയായിരുന്നു ഇത്. നസ്രിയ നസീമായിരുന്നു ആ പെണ്‍കുട്ടിയായി വേഷമിട്ടത്. നാലു വര്‍ഷത്തിനു ശേഷം മലയാളത്തിലേക്കുള്ള തിരിച്ചു വരവിനെ, അഭിനയത്തികവുകൊണ്ട് എത്ര കണ്ടാലും മതിവരാത്തൊരു ഛായാ ചിത്രം കണക്കെ മനസ്സിലേക്ക് വരച്ചിട്ടു നസ്രിയ.
മേടക്കാറ്റ്...
മേടപ്പുലരിയും മേടക്കാറ്റും...നാടിനെ കുറിച്ചുള്ള ഓരോ മലയാളിയുടേയും ഓര്‍മകള്‍ ഓടി വരുന്നത് ഈ കാറ്റിനോടൊപ്പം കൂടിയാണ്. ആ കാറ്റിന്റെ പേരില്‍ തുടങ്ങുന്ന ഈ പാട്ടും സമ്മാനിക്കുന്നത് അത്തരമൊരു സുഖമാണ്. ആ കാറ്റു കൊള്ളുന്ന സുഖം. അന്നോളം മനസ്സിലുള്ള സങ്കടങ്ങളെയൊക്കെ പാറിച്ചു കളയുന്ന പാട്ട് 'കല വിപ്ലവം പ്രണയം' എന്ന ചിത്രത്തിലേതാണ്. വിജയ് യേശുദാസ്, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്നു പാടിയ പാട്ടിനു വരികള്‍ ശ്രീജിത് അച്യുത് നായരിന്റേതാണ്. അതുല്‍ ആനന്ദാണ് സംഗീതം. പുതിയ തലമുറയിലെ സംഗീത സംവിധായകനും പാട്ടെഴുത്തുകാരനും ചേര്‍ന്നു സമ്മാനിച്ചത് മറവികളിലേക്കൊരു പോകാത്തൊരു പാട്ടായിരുന്നു.
മഴമുകിലേ...
ഓരോ മഴമുകിലുകളും ആകാശത്തു പതിയെ പതിയെ വിരിഞ്ഞു വരുന്നത് കുറേ സങ്കടങ്ങള്‍ക്കും പരിഭവങ്ങള്‍ക്കു വിരസതകള്‍ക്കും മീതെ മഴയായി പെയ്തിറങ്ങാനാണ്. ഓരോ പുതുമഴയും ഭൂമിയിലെ ഓരോ ജീവജാലങ്ങളേയും തൊട്ടുണര്‍ത്തി, പുനര്‍ജനിപ്പിക്കും പോലെയാണ് ചില ഗാനങ്ങളും. 'കല്യാണം' എന്ന ചിത്രത്തില്‍ നജീം അര്‍ഷദ് പാടിയ പാട്ടും അതുപോലെയൊന്നാണ്. ശ്യാം നെട്ടായിക്കോടത്തിന്റെ വരികളെ ആര്‍ദ്രമായി, പ്രണയാര്‍ദ്രമായി നജീം പാടിയിരിക്കുന്നു. പ്രകാശ് അലക്‌സിന്റേതാണു സംഗീതം.
യെറുസലേം നായകാ...
ഞാനുണ്ട് കൂടെ എന്ന് അദൃശ്യമായൊരിടത്തു നിന്നൊരാള്‍ പറയും പോലെയാണ് ചില പാട്ടുകള്‍. യേശുനാഥനെ വിളിച്ചു പ്രാര്‍ഥിക്കുന്ന ഈ സിനിമ ഗാനം, ചലച്ചിത്രങ്ങളിലൂടെ കേട്ടിട്ടുള്ള ഏറ്റവും മികച്ച പ്രാര്‍ഥനാ ഗാനങ്ങളിലൊന്നാണ്. ശ്രേയ ജയദീപിന്റെ കുഞ്ഞു സ്വരത്തിലത് കേള്‍ക്കുമ്പോള്‍ പിന്നെയും ഇഷ്ടം കൂടം. റഫീഖ് അഹമ്മദ്-ഗോപി സുന്ദര്‍ സംഗീതത്തില്‍ നിന്നു പിന്നെയുമെത്തിയ മനോഹരമായൊരു പ്രാര്‍ഥനാ ഗീതമാണീ ഗാനം.
പിന്നെയുമുണ്ടൊരുപാട് ഗാനങ്ങള്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ നനവേറെ, തീവണ്ടിയിലെ ജീവാംശമായ്, ബാലേട്ടന്റെ പ്രണയ കവിതയിലെ തമ്പുരാന്‍ എഴുന്നള്ളീ, അഡാര്‍ ലവിലെ മാണിക്യ മലരായ പൂവീ, ഹേ ജൂഡിലെ നിശാശലഭമേ...തുടങ്ങിയ ഗാനങ്ങളൊക്കെയും അത്രമേല്‍ പ്രിയപ്പെട്ട പുതിയ പാട്ടുകള്‍ തന്നെയാണ്. റിപ്പീറ്റ് മോഡില്‍ കേള്‍ക്കുന്നവ...
നിശാ ശലഭമേ
നിശാ ശലഭമേ എന്ന ഗാനം ശക്തി ശ്രീ ഗോപാലനാണു പാടിയത്. അകലങ്ങളിലേക്കു മനസ്സിനെ കൊണ്ടുപോകുന്ന, എന്തോ നോവിന്റെ നിഴലുള്ള പാട്ട് വേറിട്ട സ്വരഭംഗിയില്‍ കേട്ടിരിക്കുവാന്‍ ഒരു പ്രത്യേക സുഖമാണ്. പ്രഭാ വര്‍മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്റേതാണു സംഗീതം.
ജീവാംശമായ്
പരസ്യ ചിത്രങ്ങള്‍ക്കു സംഗീതം പകര്‍ന്നു ശ്രദ്ധേയനായ, സിനിമ സ്വപ്‌നം കണ്ടു നടന്നൊരു സംഗീത സംവിധായകന് കിട്ടിയൊരു സ്വപ്‌ന ഈണമായിരുന്നു ജീവാംശമായ്. ബി.കെ.ഹരിനാരായണന്റെ കാവ്യാത്മകമായ വരികള്‍ക്കു സംഗീതം പകര്‍ന്നത് കൈലാസ് മേനോനായിരുന്നു. ശ്രേയ ഘോഷാല്‍ എന്ന അതുല്യ ഗായികയും മലയാളത്തിലെ പുതിയ തലമുറ ഗായകരിലെ പ്രതിഭാധനരിലൊരാളായ ഹരിശങ്കറും ചേര്‍ന്നു പാടിയ ഈ പാട്ട്, ആസ്വാദകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും അടുത്തിടെ ഏറ്റവുമധികം ശ്രദ്ധ നേടിയൊരു സൃഷ്ടിയായിരുന്നു.
മാണിക്യ മലരായ പൂവീ..
അഡാര്‍ ലവ് എന്ന പേരു പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായൊരു പാട്ടായിരുന്നു ചിത്രത്തിലെ മാണിക്യ മലരായ പൂവി. വൈറല്‍ ഹിറ്റ് എന്നു പറയാവുന്ന ഗാനം. മാപ്പിളപ്പാട്ടുകളുടെ ഗണത്തിലുള്ള ഗാനത്തിനു വരികള്‍ പിഎംഎ ജബ്ബാറിന്റേതായിരുന്നു. തലശ്ശേരി കെ. റെഫീഖ് പകര്‍ന്ന സംഗീതത്തെ ഷാന്‍ റഹ്മാനാണു പുനരവതരിപ്പിച്ചത്. പാടിയത് വിനീതും.
നനവേറെ...
പതിഞ്ഞ താളത്തില്‍ മനോഹരമായ് ഒഴുകുന്നൊരു പുഴ പോലെയാണ് ഈ പാട്ട്. വിപിന്‍ ലാലിന്റേയും ടെസാ ചാവറയുടേയും സ്വരത്തില്‍ അതു കേട്ടപ്പോള്‍ പുതുമയുടെ കൂടി ഭംഗി വന്നു. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതത്തിനു വരികള്‍ സന്തോഷ് വര്‍മയുടേതാണ്.
തമ്പുരാന്‍ എഴുന്നള്ളി...
റിപ്പീറ്റ് മോഡില്‍ കേള്‍ക്കുന്ന ഗാനം ഏറ്റവും ചേരുന്ന പുതിയ പാട്ട് ഇതുതന്നെയാണ്. വാക്കുകള്‍ക്ക് അതീതമായ ഭംഗിയുള്ള പാട്ട്, കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുപോകും. അത്രയ്ക്കു പ്രണയാര്‍ദ്രമാണു വരികള്‍. സംഗീതവും പ്രണയം പോലെ ആഴമുള്ളത്. അഭിനേതാക്കളുടെ പ്രകടനവും തീര്‍ത്തും വേറിട്ടത്. കണ്ണടച്ചു കേട്ടിരിക്കുവാന്‍ തോന്നുന്ന ഗാനം പാടിയത് മിലന്‍ വി.എസ്. ആണ്. ദി എസ്‌കേപ് മീഡിയും ആണ് ഈ പാട്ടിനു പിന്നില്‍. ഈ വിഡിയോയുടെ അനേകം കവര്‍ വിഡിയോകളും എഡിറ്റിങ് വിഡിയോകളും പുറത്തിറങ്ങുന്നുണ്ട്.