‘ഇക്കൊല്ലമീ നിന്റെ പാദം തൊഴാം ഞാൻ, പോകല്ലേ പോകല്ലേ പൂക്കാലമേ നീ’- എന്നേ മലയാളി മനസ്സിൽ കുറിച്ചിട്ടതാണ് ഈ വരികൾ. ഓണക്കാലം പാട്ടോർമയുടെ പൂക്കാലം കൂടിയാണ്. സന്തോഷവും നന്മയും സ്നേഹവും അൽപം നൊമ്പരവും നിറഞ്ഞതായിരിക്കും ഓർമയിലെ ഓണമീണങ്ങൾ. തുമ്പപ്പൂവിന്റെ നൈർമല്യം പോലെ, ഓണനിലാവിന്റെ ഭംഗി പോലെ, തുമ്പിതുള്ളലിന്റെ താളം പോല മനോഹരമായ ചില പാട്ടുകളുണ്ട്. ഓരോ ഓണക്കാലത്തും മലയാളിയുടെ ഹൃദയത്തിലേക്കു പെയ്തിറങ്ങുന്നവ. ഏതു ദുരിതപ്പെയ്ത്തിലും ആശ്വാസമാകുന്നവ. മലയാള സിനിമയിൽ പാട്ടിന്റെ പൂക്കാലം തീർത്ത വസന്ത ഗീതങ്ങൾ. മറവിയുടെ മാറാല നീക്കി ഓരോ ഓണക്കാലത്തും ഓർമയിലേക്കെത്തുന്ന ചില പാട്ടുകൾ.
തിരുവോണപ്പുലരിതൻ
ഈ പാട്ടു കേൾക്കാതെ ഒരു ഓണക്കാലവും മലയാളിക്കുണ്ടായിട്ടില്ല എന്നു വേണം പറയാൻ. അത്രത്തോളം ഹൃദയത്തോടു ചേർന്നിരിക്കുന്നു ഈ ഗാനം. ഓണത്തിന്റെ ഗൃഹാതുരത മുഴുവൻ ആവാഹിച്ചെത്തുന്ന ഗാനം. വരികളിലും സംഗീതത്തിലും ഓണം നിറയുന്നു. 1975 ൽ പുറത്തിറങ്ങിയ ‘തിരുവോണം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പ്രേം നസീറും ശാരദയും പ്രധാനവേഷത്തിലെത്തിലെത്തി അനശ്വരമാക്കിയ ചിത്രം. ശ്രീകുമാരൻ തമ്പിയുടെ മനോഹരമായ വരികൾ. അതിന് ഇണങ്ങി നിൽക്കുന്നു എം.കെ. അർജുനന്റെ സംഗീതം. വാണി ജയറാമിന്റെ ശബ്ദം കൂടി ചേർന്നപ്പോൾ അന്നു തൊട്ട് ഇന്നുവരെ ഈ ഗാനം കേൾക്കാത്തൊരു ഓണക്കാലം ഇല്ലെന്നായി മലയാളിക്ക്.
ഓണപ്പൂവേ പൂവേ പൂവേ
ഏതു സുഖലോലുപതയിൽ മതിമറന്നാലും ഓണക്കാലത്ത് ഈ തീരം നമ്മെ മാടി വിളിക്കും. അങ്ങനെ കേരളത്തിന്റെ ഭൂപ്രകൃതിയോടു ചേർന്നു നിൽക്കുന്ന ഗാനമാണ് ‘ഓണപ്പൂവേ പൂവേ പൂവേ’. ഒ.എൻ.വി. കുറുപ്പിന്റെ കവിത തുളുമ്പുന്ന വരികൾ മലയാളത്തിന്റെ തനിമ ചോരാതെ ആസ്വാദകരിലെത്തിച്ചു സലിൽ ചൗധരി. യേശുദാസ് ആണ് ആലാപനം. 1978 ൽ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിലേതാണു പാട്ട്.
ഓമനത്തിങ്കളിൽ ഓണം പിറന്നാൽ
ചിലപ്പോൾ ഒരു താരാട്ടുപാട്ടിന്റെ ഈണമാകാം ഓണത്തിന്. അൽപം നൊമ്പരം നിറഞ്ഞ ഒരു താരാട്ടുപാട്ട്. അങ്ങനെ ഒരു ഗാനമാണ് ‘ഓമനത്തിങ്കളിൽ ഓണം പിറന്നാൽ’. 1968 ൽ പുറത്തിറങ്ങിയ ‘തുലാഭാരം’ എന്ന ചിത്രത്തിലേതാണു ഗാനം. വയലാറിന്റെ വരികൾക്കു ജി. ദേവരാജന്റെ സംഗീതം. കെ.ജെ. യേശുദാസും പി. സുശീലയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏത് ഓണക്കാലത്തും ഒരു താരാട്ടുപാട്ടിന്റെ ഈണത്തിൽ ഈ ഗാനം ഒഴുകിയെത്തും.
പൂവിളി പൂവിളി പൊന്നോണമായി
പൂവിളിയില്ലാതെ എന്ത് ഓണം? അങ്ങനെ തന്നെയാണ് ഈ പാട്ടും. ‘പൂവിളി പൂവിളി പൊന്നോണമായി’ എന്ന ഈ ഗാനം കേൾക്കാതെ മലയാളിക്ക് ഒരു ഓണക്കാലമുണ്ടോ എന്നു തന്നെ സംശയമാണ്. 1978 ൽ പുറത്തിറങ്ങിയ ‘വിഷുക്കണി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പ്രേംനസീറും വിധുബാലയുമാണു ഗാനരംഗത്തിൽ എത്തുന്നത്. യേശുദാസ് ആണ് ഗാനം ആലപിച്ചത്. സലിൽ ചൗധരിയുടെ മനോഹരമായ സംഗീതം. ശ്രീകുമാരൻ തമ്പിയുടേതാണു വരികൾ.
ഓണത്തുമ്പീ പാടൂ
വേർപാടിന്റെ വേദനയുമായി എത്തുന്ന ഒരു ഗാനമാണ് ഇത്. പ്രിയപ്പെട്ടവരോടൊന്നിച്ച് ഓണം ആഘോഷിച്ച നാളുകൾ. എത്രമാത്രം മനോഹരമായിരുന്നു ആ നിമിഷങ്ങള്‍ എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കും ഈ ഗാനം. 1997ൽ പുറത്തിറങ്ങിയ ‘സൂപ്പർമാൻ’ എന്ന ചിത്രത്തിലേതാണ് ഗാനം. എസ്. രമേശൻ നായരുടെ വരികൾക്ക് എസ്. പി. വെങ്കിടേഷ് സംഗീതം നൽകിയിരിക്കുന്നു. യേശുദാസ് ആണ് ഗാനം ആലപിച്ചത്. ഇന്നസെന്റ്, ജയറാം, നെടുമുടി വേണു, സീനത്ത്, വിന്ദുജ മേനോൻ എന്നിവരാണ് ഗാനരംഗത്തിൽ എത്തുന്നത്. പ്രിയപ്പെട്ടവരുടെ ഓർമകളിലേക്കു കൊണ്ടുപോകും ഈ ഗാനം എന്നുതീർച്ച.
ഓണപ്പാട്ടിൽ താളം തുള്ളും തുമ്പപ്പൂവേ
പഴമയും പുതുമയും ഒരുമിച്ചെത്തുന്ന ഗാനമാണ് ‘ഓണപ്പാട്ടിൻ താളംതുള്ളും തുമ്പപ്പൂവേ’. ഓണത്തിന്റെ ആഘോഷങ്ങൾ മുഴുവനായും ആവാഹിച്ചെത്തുന്ന ഗാനം. 2004 ൽ പുറത്തിറങ്ങിയ ‘ക്വട്ടേഷൻ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. തലമുറ ഭേദമന്യേ ഹൃദയങ്ങളിൽ ഇടംപിടിച്ചു ഈ ഗാനം.
ഓണവെയിൽ ഓളങ്ങളിൽ
വഞ്ചിപ്പാട്ടിന്റെ താളത്തിന്റെ പുത്തൻ രീതിയിള്ള ആവിഷ്കാരമായിരുന്നു ഈ ഗാനം. മമ്മൂട്ടി ചിത്രം ‘ബോംബെ മാർച്ച് 12’ ലേതാണ് ഗാനം. അഫ്സൽ യൂസഫ് ആണ് സംഗീതം. എം.ജി. ശ്രീകുമാർ, സുധീഷ്, സോണി സായ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഓണത്തിന്റെ ആഘോഷവും ആർപ്പുവിളികളുമെല്ലാം ചേരുന്നതാണ് ഈ ഗാനം.
തിരുവാവണി രാവ്
ഓണത്തിന്റെ ഗൃഹാതുരതയുമായി എത്തുന്ന ഒരു ഗാനമാണ് ഇത്. 2016 ൽ എത്തിയ ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മനു മൻജിത്തിന്റെ വരികൾക്കു ഷാൻ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്. ഉണ്ണി മേനോനും സിത്താരയും ചേർന്നാണു ഗാനം ആലപിച്ചത്. മലയാളിയുടെ പ്രിയപ്പെട്ട ഓണപ്പാട്ടുകളിൽ ഇടംപിടിച്ചു ഈ ഗാനവും.