പ്രണയം അനശ്വരമാണെന്ന് ഒരിക്കൽ കൂടി ഓര്‍മിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. പ്രിയപ്പെട്ടവർ പിരിഞ്ഞുപോയാലും അവരുടെ ഓർമകളിൽ അലിഞ്ഞങ്ങനെ ജീവിക്കാൻ കുറച്ചുപേര്‍ക്കേ കഴിയൂ. അങ്ങനെ, അകാലത്തിൽ വിട്ടുപോയ ഭാര്യ ശാന്തിയുടെ ഓർമ വീണ്ടും പങ്കുവയ്ക്കുകയാണ് ബിജിബാൽ. ഒരു ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന ശാന്തിയുടെ വിഡിയോയാണ് ബിജിബാൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
'എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്' എന്ന കുറിപ്പോടെയാണു വിഡിയോ പങ്കുവച്ചത്. ലത മങ്കേഷ്കറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'തൂജഹാം ജഹാം ചലേഗാ' യുടെ അകമ്പടിയോടെയാണു വിഡിയോ.
'അൽപം നൊമ്പരത്തോടെയല്ലാതെ ഇതു കാണാനാകില്ല. അത്രയും ഹൃദയസ്പർശിയാണ് ഇത്' എന്നാണു പലരുടെയും കമന്റുകള്‍.
നേരത്തെയും ഭാര്യയെ കുറിച്ചുള്ള ഓർമകള്‍ ബിജിബാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ശാന്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചു പുറത്തിറക്കിയ 'മയീ മീനാക്ഷി' എന്ന ആൽബം ഏറെ ശ്രദ്ധനേടിയിരുന്നു. ആൽബം പങ്കുവച്ച് അന്ന് ബിജിബാൽ കുറിച്ചത് ഇങ്ങനെ. 'ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകൾ അതിശയം കൊണ്ട് തിളങ്ങാൻ, കവിളുകൾ ഇഷ്ടം കൊണ്ട് ചുവക്കാൻ. നാളെ നിന്റെ പിറന്നാളിൽ ഞാൻ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീർ കാട് , കണ്ണിലെ നക്ഷത്രജാലം.'
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നു കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ശാന്തിയുടെ മരണം. മികച്ച നർത്തകി കൂടിയായിരുന്നു ശാന്തി ബിജിബാൽ.