വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി.ബാലഭാസ്കർ ചെറുതായി കണ്ണു തുറന്നതായും ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇത് ആരോഗ്യ നിലയിലെ നേരിയ പുരോഗതിയായാണു ഡോക്ടർമാർ വിലയിരുത്തുന്നത്.ബാലഭാസ്കറിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി എങ്കിലും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.അതേസമയം, കുഞ്ഞിന്റെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാനാണു നിലവിൽ ബന്ധുക്കളുടെ തീരുമാനം.
ഇന്നലെ പുലർച്ചെയാണു അപകടമുണ്ടായത്. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ആശുപത്രിയിൽ തുടരുകയാണ്.
തൃശൂരില്‍ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായായിരുന്നു ബാലഭാസ്കറും കുടുംബവും. ഡ്രൈവർ ഉറങ്ങിപ്പോയതാണു അപകട കാരണമെന്നു പൊലീസ് അറിയിച്ചു.
അപകടത്തിൽ ബാലഭാസ്കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകൾക്കുമാണു പരുക്കേറ്റത്. തുടർന്ന് ഇന്നലെ തന്നെ ബാലഭാസ്കറിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നിലവിൽ ബാലഭാസ്കറിന്റെ ശരീരം മരുന്നുകളോടു പ്രതികരിച്ചു വരുന്നതായും അടുത്തവൃത്തങ്ങൾ അറിയിച്ചു.