വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നലെ നൽകിയ വോയ്സ്ക്ലിപ്പിൽ വിശദീകരണവുമായി ഗായകൻ വിധു പ്രതാപ്. ബാലഭാസ്കറുമായി അടുത്തു പരിചയമുള്ള പാട്ടുകാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വോയ്സ് ക്ലിപ്പാണ് ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നത്. അത് 25 ന് രാവിലെ അപകടം സംഭവിച്ചു ആശുപത്രിയിൽ പ്രവേശിച്ചപ്പോഴായിരുന്നു. എന്നാൽ ഇപ്പോൾ ബാലഭാസ്കറിന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാർഥന വേണമെന്നും വിധുപ്രതാപ് അറിയിച്ചു.
വിധുപ്രതാപിന്റെ വാക്കുകൾ ഇങ്ങനെ: 'സെപ്തംബർ 25നു രാവിലെ ബാലുവിന് ഒരു മേജര്‍ ആക്സിഡന്റ് സംഭവിച്ചത് എല്ലാവർക്കും അറിയാം. ഈ വാർത്ത കേട്ടിട്ടു രാവിലെ ഏഴരയോടെ ഞാൻ ആശുപത്രിയിൽ എത്തി. ബാലുവുമായി അടുത്തു പരിചയമുള്ള സിങ്ങേഴ്സിന്റെ ഗ്രൂപ്പിൽ ഞാൻ ഒരു വോയ്സ് നോട്ടിട്ടതാണ്. അത് അവിടെ നിന്നും ഫോർവേർഡഡ് ആയി പോയതാണ്. ഇപ്പോൾ പലഗ്രൂപ്പുകളിൽ നിന്നും എനിക്ക് അത് ലഭിച്ചു. അതിൽ ഒരു ക്ലാരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഞാൻ അത് ഇന്നലെ, അതായത് സപ്തംബർ 25നു രാവിലെ ഏഴരയോടെ ഇട്ട വോയ്സ് ക്ലിപ്പ് ആണ്. ഇന്നലെ രാത്രി കൂടി പലരും എന്നെ വിളിച്ചു. അതേ അവസ്ഥയിൽ തുടരുകയാണോ എന്നു ചോദിച്ചു. അത് ക്ലാരിഫൈ ചെയ്യാനാണ് ഈ വിഡിയോ. ആ വോയ്സ് നോട്ടിൽ പറഞ്ഞ സർജറി കഴിഞ്ഞു. ബാലു ഇപ്പോഴും ഡോക്ടേഴ്സിന്റെ നിരീക്ഷണത്തിലാണ്. അതുകൊണ്ട് ആ വോയ്സ് നോട്ട് ഇപ്പോൾ പ്രസക്തമല്ല. ഇനിയിപ്പോ ബാലുവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണം. വീണ്ടും നമ്മെ സന്തോഷിപ്പിക്കാൻ വയലിനുമായി എത്തുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിന് ഇനി വേണ്ടത് എല്ലാവരുടെയും പ്രാർഥനയാണ്. അത് ചെയ്യുക.'