മലയാളി മനസ്സിൽ നോവോർമയാവുകയാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകൾ തേജസ്വിനി. ആ കുരുന്നിന്റെ പുഞ്ചിരിക്കുന്ന മുഖം അത്രപെട്ടന്നു മറക്കാനാവില്ല. വേദനയുടെ ആഴംകൂട്ടുകയാണു സമൂഹമാധ്യമങ്ങളില്‍ എത്തിയ തേജസ്വിനിയുടെ വിഡിയോ.
അച്ഛന്റെ വയലിന്‍ സംഗീതം കേട്ട് അമ്മയുടെ മടിയിൽ ഇരിക്കുന്ന തേജസ്വിനിയാണ് വിഡിയോയിൽ. പുതുവെള്ളൈ മഴൈ എന്ന ഗാനമാണ് ബാലഭാസ്കർ വയലിനിൽ വായിക്കുന്നത്. അതുകേട്ടിരിക്കുകയാണു തേജസ്വിനി. 'തിരിച്ചു വന്നേ മതിയാകൂ ബാലുച്ചേട്ടാ' എന്ന കുറിപ്പോടെയാണു വിഡിയോ. വിഡിയോക്ക് താഴെ തേജസ്വിനിക്കു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അര്‍പ്പിക്കുകയാണ് മലയാളികൾ.
തിരുവനന്തപുരത്ത് ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.