മൊബൈൽ ആപ്ലിക്കേഷൻ വഴി എന്തൊക്കെ നടക്കുമെന്ന് ചോദിച്ചാൽ, വേണെങ്കിൽ ഒരു മ്യൂസിക് ബാൻഡ് വരെ തുടങ്ങാമെന്ന് ഈ ചെറുപ്പക്കാർ പറയും. കാരണം ഇവരുടെ 'കർമ' എന്ന മ്യൂസിക് ബാൻഡ് രൂപം കൊണ്ടതിനു പിന്നിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ്. സോഷ്യൽ മീഡിയയയിൽ പ്രചാരം നേടിയ സ്മ്യൂൾ ആപ്പ്.
തരക്കേടില്ലാതെ പാട്ടുപാടുന്ന ആരും ഒരിക്കലെങ്കിലും കൈവച്ചു നോക്കുന്ന പ്ലാറ്റ്ഫോമാണ് സ്മ്യൂൾ ആപ്പ്. സ്മ്യൂളിൽ പാടി പ്രശസ്തിയിലേക്കുയർന്നവർ നിരവധി. പാടാറുണ്ടോ എന്നു ചോദിച്ചാൽ, സ്മ്യൂളിൽ പാടാറുണ്ടെന്നു പറയുന്ന ന്യൂജെൻ പാട്ടുകാർ നമുക്കിടയിലുണ്ട്. അത്രയ്ക്കുണ്ട് സ്മ്യൂളിന്റെ പ്രശസ്തി. ലോകത്തിന്റെ പല ഭാഗത്തിരുന്ന് സ്മ്യൂളിൽ ഒരുമിച്ചു പാടി ഉടലെടുത്ത സൗഹൃദം ഒരു മ്യൂസിക് ബാൻഡിന്റെ രൂപീകരണത്തിലേക്ക് നയിച്ച കഥയാണ് 'കർമ'യ്ക്ക് പറയാനുള്ളത്.
സ്മ്യൂളിൽ നിന്നുള്ള പരിചയമാണ് അവരെ ഫെയ്സ്ബുക്ക് കൂട്ടായ്മയിലേക്ക് എത്തിച്ചത്. നല്ല സംഗീത ചർച്ചകൾക്കൊപ്പം അവരുടെ സൗഹൃദവും വളർന്നു. ഫെയ്സ്ബുക്ക് ലൈക്കുകൾക്കുമപ്പുറം അവരുടെ സംഗീതത്തെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് അവർ ആഗ്രഹിച്ചു. സ്മ്യൂൾ ആപ്പിൽ പാടുന്നവർ ഒരുമിച്ചു ചേർന്നുണ്ടായ ഈ ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ നിന്നാണ് 'കർമ' പിറവിയെടുക്കുന്നത്. സ്മ്യൂൾ ഗായകർക്ക് മുഖ്യധാര സംഗീതലോകത്തിലേക്ക് ചുവടു വയ്ക്കാനുള്ള അവസരം ഒരുക്കുകയാണ് 'കർമ'.
കർമയുടെ ആദ്യ പ്രൊജക്ടായ കർമോത്സവ് യുട്യൂബിൽ എത്തിക്കഴിഞ്ഞു. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയാണ് കർമോത്സവ് പ്രകാശം ചെയ്തത്. കുചേലവൃത്തം വഞ്ചിപ്പാട്ട് പുതിയ കാലത്തിന്റെ ചേരുവകളോടെ അവതരിപ്പിച്ചിരിക്കുകയാണ് 'കർമ' ഗായകർ. മലയാളത്തനിമ ഒട്ടും ചോരാതെയാണ് 'കർമ'യുടെ ആദ്യ സംഗീത പരീക്ഷണം. ജെറാൾഡി ജെയിംസ്, രാകേഷ് കൊഞ്ചിറ, സുകേഷ് എസ് മാധവൻ, സുബിൻ വിൻസന്റ്, സുബിൻ പെരുമ്പിടി, വൈശാഖ് നാഥ്, സ്വാതി എസ് നാഥ്, ശിവ ജയരാജ് എന്നിവരാണ് ആദ്യ പ്രൊജക്ടിൽ ഒത്തുചേർന്നിരിക്കുന്ന ഗായകർ.
സ്മ്യൂൾ ഗായകരെ അണിനിരത്തി വ്യത്യസ്തമായ സംഗീത പരിപാടികളും സംരംഭങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് 'കർമ'.