ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടർന്നു വീണ്ടും തരംഗമാകുകയാണു വർഷങ്ങൾക്കു മുൻപ് രമ്യാ നമ്പീശൻ ആലപിച്ച അയ്യപ്പ ഭക്തിഗാനം. ഒരു തുളസിയില എങ്കിലും ആയിരുന്നെങ്കിൽ ശബരിമലയിലെത്താമായിരുന്നു എന്ന ആഗ്രഹമാണു ഗാനത്തിലൂടെ താരം പങ്കുവച്ചിരുന്നത്. ഇനി അങ്ങനെ തുളസിയില ആയി വേണ്ട. സ്ത്രീ ആയി തന്നെ രമ്യയ്ക്ക് പമ്പയിൽ കുളിക്കാം, മലചവിട്ടാം, അയ്യപ്പനെ വണങ്ങാം.
എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്കു മലചവിട്ടാമെന്ന കോടതി വിധി വന്നതോടെ ആഗ്രഹം സാധച്ചതിന്റെ സന്തോഷത്തിലാണു രമ്യയെന്നു ഗാനത്തിനു സംഗീതം പകർന്ന ഒ.കെ. രവിശങ്കർ അറിയിച്ചു. രവിശങ്കർ ഫെയ്സ് ബുക്കിലൂടെ ഈ ഗാനം വീണ്ടും പങ്കുവെക്കുകയും ചെയ്തു.
2013ലാണു 'തുളസീമണം' എന്ന ആൽബം എത്തിയത്. ദിനേഷ് കൈപ്പിള്ളിയുടെതാണു വരികൾ. രമ്യ നമ്പീശനാണു ഗാനം ആലപിച്ചിരിക്കുന്നത്