വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സാധാരണ നിലയിലെത്താൻ സമയമെടുക്കുമെന്നു സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ബാലഭാസ്കറിന്റെയും മകളുടെയും മരണവാർത്ത ഉൾക്കൊള്ളാൻ ലക്ഷ്മിക്ക് അൽപം സമയം വേണ്ടിവരുമെന്നു ബാലഭാസ്കറിന്റെ മാനേജർ തമ്പി അറിയിച്ചതായി സ്റ്റീഫൻ പറഞ്ഞു.
സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ: 'ബാലയുടെ മാനേജർ മിസ്റ്റർ തമ്പി പറഞ്ഞ ഒരു കാര്യം അറിയിക്കാനുണ്ട്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ ലക്ഷ്മി സാധാരണനിലയിലെത്താൻ അൽപം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാർത്ത അവർക്ക് ഉൾക്കൊള്ളേണ്ടതുണ്ട്. എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാർഥിക്കണം. ബാലയെ സ്നേഹിക്കുന്നവർക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി മാത്രമാണ് ഞാൻ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങൾ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.'
ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ കൃത്യമായി കൈമാറുന്നത് സ്റ്റീഫനാണ്. വെന്റിലേറ്ററിൽ നിന്നും അവരെ മാറ്റിയത് അടക്കമുള്ള കാര്യങ്ങൾ സ്റ്റീഫനാണു പൊതുസമൂഹത്തെ അറിയിക്കുന്നത്. വാഹനാപകടത്തെ തുടർന്നു ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനു പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരന്നു.