Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനെ വളരാന്‍ രവിശങ്കർ അനുവദിച്ചില്ല; പിടഞ്ഞത് അന്നപൂർണയുടെ മാതൃമനം

ravishankar-annapurna

വിരഹഗാനം പോലെയായിരുന്നു ആ ജീവിതം. അന്നപൂർണ ദേവി. പാതിയിൽ പാട്ടുപേക്ഷിച്ച പെൺകുയിൽ. പ്രിയപ്പെട്ടവനായി പ്രാണനായ സംഗീതം ഉപേക്ഷിച്ചിട്ടും ജീവിതതാളം പിഴച്ചു. പക്ഷേ, സ്വയം സൃഷ്ടിച്ച നിശബ്ദതാളത്തിൽ അവർ സംഗീതത്തിന്റെ ലഹരി അനുഭവിച്ചു. 

പതിനാലാം വയസ്സിൽ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യയാകുമ്പോൾ സംഗീത ജീവിതത്തെ കുറിച്ചു സ്വപ്നം കണ്ടു തുടങ്ങുന്നതേയുള്ളൂ അന്നപൂർണ. ആ ഞെരമ്പുകളിൽ തുടിച്ചതു മുഴുവൻ സംഗീതമായിരുന്നു. സിരകളിൽ സംഗീതം ലഹരിയായി പടർന്നകാലം. രവിശങ്കർ സിത്താറിൽ മാന്ത്രികത തീർത്തപ്പോൾ അന്നപൂർണ സുർബാഹിറിൽ(ബേസ് സിത്താർ) വസന്തരാഗങ്ങൾ പൊഴിച്ചു. ഇരുവരും ഒരേവേദിയിൽ സംഗീതമഴ തീർത്തപ്പോൾ കാണികൾ ആനന്ദലഹരിയിൽ മതിമറന്നിരുന്നുവത്രേ. 

എന്നാൽ ആ മാസ്മരിക വേദിക്ക് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. അന്നപൂർണ പ്രശസ്തിയുടെ കൊടുമുടിയി കയറുന്നത് രവിശങ്കറിനെ അസ്വസ്ഥനാക്കി. രവിശങ്കർ ആവശ്യപ്പെട്ടതു പ്രകാരം പ്രാണനായി കൊണ്ടുനടന്ന സംഗീതം അന്നപൂർണ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. പിന്നീട് വേദികളിലേക്ക് അവർ എത്തിയില്ല.  രവിശങ്കറാകട്ടെ, വേദികളിൽ നിന്നും വേദികളിലേക്ക്. രവിശങ്കറിന്റെ പ്രശസ്തി  ഇന്ത്യയുടെ അതിരുകൾ ഭേദിച്ചു. ലോകമൊട്ടാകെ ആരാധകരുള്ള സംഗീതജ്ഞനായി അദ്ദേഹം വളർന്നു. 

ഒരുപക്ഷേ, പണ്ഡിറ്റ് രവിശങ്കറിന്റെ ആദരണിയ ബിംബത്തിനു നേരിയ പരുക്കുപറ്റുന്നത് അന്നപൂർണയുടെ ജീവിതം അടുത്തറിയുമ്പോഴാണ്. ഭർത്താവിന്റെ ഇംഗിതം അനുസരിച്ചു നാലുചുവരുകൾക്കുള്ളിൽ സംഗീതത്തെ തളച്ചിട്ട അന്നപൂർണ ഒരിക്കലും പരാതി പറഞ്ഞില്ല. എന്നിട്ടും രവിശങ്കറിന്റെ പ്രണയത്തിന്റെ ഒരംശം പോലും അവളെ തേടി എത്തിയിരുന്നില്ല എന്നു തന്നെ പറയേണ്ടി വരും. ഇതിനിടെ രവിശങ്കറിൽ അന്നപൂർണയ്ക്ക് ഒരു മകൻ പിറന്നു. സഹോദരന്റെ ഭാര്യാ സഹോദരി കമലയുമായി രവിശങ്കറിനുണ്ടായിരുന്ന പ്രണയം അറിഞ്ഞതോടെ രവിശങ്കറുമായുള്ള അന്നപൂർണയുടെ ബന്ധത്തിൽ പൂര്‍ണമായും വിള്ളല്‍ വീണു. തുടർന്ന് 1962ൽ വിവാഹ മോചനം നേടുകയും ചെയ്തു. 

ഇവിടെ തീർന്നില്ല രവിശങ്കറിന്റെ അസ്വസ്ഥതയുടെ അധ്യായം. 1942ലാണു അന്നപൂർണയുടെയും രവിശങ്കറിന്റെയും മകനായി ശുഭേന്ദ്രശങ്കർ പിറന്നത്. അച്ഛനമ്മമാരിലെ സംഗീതരസം അയാളിലും നിറഞ്ഞിരുന്നു. വിവാഹ മോചനത്തിനു ശേഷം അന്നപൂർണയിൽ നിന്നും സംഗീതത്തോടൊപ്പം തന്നെ രവിശങ്കർ മകനെയും തട്ടിയെടുത്തു പൂര്‍ണമായും ഏകാന്തതയിലേക്കു തള്ളിവിട്ടു. തീർച്ചയായും അന്നപൂർണയുടെ മാതൃമനത്തിനു മുറിവേറ്റിരിക്കും. പക്ഷേ, അവർ തളർന്നില്ല. ചിലദൃഢനിശ്ചയങ്ങളിലൂടെ ജീവിച്ചു. 

ഇരുപതു വർഷത്തോളമാണ് അന്നപൂർണ മകനെ പിരിഞ്ഞിരുന്നത്. ജീവിതത്തിലുടനീളം സംഗീതം നിറച്ച് ശുഭേന്ദ്രശങ്കർ വളർന്നു. പലപ്പോഴും സംഗീതത്തിൽ അച്ഛനെ പോലും അമ്പരപ്പിച്ചു ആ ചെറുപ്പക്കാരൻ. എന്നാല്‍, സ്വന്തം പ്രശസ്തിയെ മറികടക്കാന്‍ മകനെ രവിശങ്കർ അനുവദിച്ചില്ല. ഒടുവിൽ സംഗീതത്തിൽ എവിടെയും എത്താതെ 1993ൽ ശുഭേന്ദ്രശങ്കർ ലോകത്തോടു വിടപറഞ്ഞു. മകൻ ശുഭേന്ദ്രശങ്കറിന്റെ മരണം അന്നപൂര്‍ണയിലെ മാതൃമനത്തെ വല്ലാതെ ഉലച്ചു. 'ശുഭോയുടെ മരണം ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു' എന്ന് അവർ ഒരിക്കൽ പറ‍ഞ്ഞു. 

പുറംലോകത്തേക്കുള്ള വാതിൽ കൊട്ടിയടച്ചപ്പോഴും ഉള്ളിൽ മൗനസംഗീതത്തിന്റെ മനോഹര ലോകം തീർക്കുകയായിരുന്നു അന്നപൂർണ. രണ്ടാമതൊരു വിവാഹത്തിനു തയ്യാറായപ്പോൾ ഒരുകാര്യം മാത്രമാണ് അന്നപൂര്‍ണ പറഞ്ഞത്. 'ഇനി അവഗണനകൾ അരുത്'.