അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയെ പറ്റിയുള്ള വിവരങ്ങൾ കൈമാറുകയായിരുന്നു സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി. സ്റ്റീഫന്റെ ലൈവിനിടെ അപ്രതീക്ഷിതമായി ഒരു അതിഥി കയറി വന്നു. സ്റ്റീഫന്റെ മകൻ ഷോൺ.
പിയാനോ സംഗീതവുമായി എത്തിയാണു സ്റ്റീഫൻ ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ചു പറഞ്ഞത്. ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ചു സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ: 'ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ചു കുറച്ചു കാര്യങ്ങൾ അറിയിക്കാനുണ്ട്. കാരണം നിരവധി പേർ ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതി അന്വേഷിക്കുന്നുണ്ട്. ലക്ഷ്മിക്കു നല്ല പുരോഗതിയുണ്ട്. അതൊരു അപകടമായിരുന്നു. അതുകൊണ്ടു തന്നെ പൂർണമായും ആരോഗ്യനില വീണ്ടെടുക്കാൻ സമയമെടുക്കും. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ലക്ഷ്മിക്കായി പ്രാർഥിക്കാം.'
സ്റ്റീഫൻ ലക്ഷ്മിയുടെ ആരോഗ്യനിലയെ പറ്റി സംസാരിക്കുമ്പോഴായിരുന്നു ആ ലൈവിലേക്കു മകൻ ഷോണിന്റെ വരവ്. വാതിൽ പതുക്കെ അടച്ചു അച്ഛന്‍ പറയുന്നതു കേട്ടു ശ്രദ്ധയോടെ നിൽക്കുന്ന മകനെ കാണാം. ലൈവിൽ കൂടെയുള്ളത് മകനാണോ എന്ന ചോദ്യത്തിനു അതെ എന്നു സ്റ്റീഫൻ കമന്റ് ചെയ്തു.
ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ജനങ്ങളുമായി പങ്കുവച്ചിരുന്നതു സ്റ്റീഫൻ ദേവസ്സിയാണ്.കഴിഞ്ഞ മാസം അവസാനത്തിലാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിനു മരണത്തിനു കീഴടങ്ങി.