മലയാളി എക്കാലവും മറക്കാത്ത കഥാപാത്രങ്ങളാണ് വൈശാലിയും ഋഷ്യശൃംഗനും. ഋഷ്യശൃംഗനായി സഞ്ജയ് മിശ്രയും വൈശാലിയായി സുപർണയും ആസ്വാദക മനം കീഴടക്കിയിരുന്നു. വൈശാലിയുടെ മുപ്പതാം വാർഷികത്തിന്റെ ഓർമ പുതുക്കലിന്റെ ഭാഗമായി മഴവിൽ മനോരമ ഒന്നും ഒന്നും മൂന്നിൽ അതിഥികളായി സഞ്ജയ് മിശ്രയും കെപിഎസി ലളിതയും ഗായകൻ കൃഷ്ണചന്ദ്രനും എത്തി.
ഋഷ്യശൃഗന്റെ മുൻകാമുകി എന്ന് റിമി സുപര്‍ണയെ അഭിസംബോധന ചെയ്തപ്പോൾ സുപർണ ഇങ്ങനെ തിരുത്തി. 'ഋഷ്യശൃംഗന്റെ മുൻകാമുകിയല്ല ഞാന്‍, മുൻഭാര്യയും കുട്ടികളുടെ അമ്മയുമാണ്.'വൈശാലിയുടെ ഓർമകൾ പറയുന്നതിന്റെ ഇടയ്ക്കാണ് റിമി നായിക സുപർണയുമായി ഫോണിൽ ബന്ധപ്പെട്ടത്.
അപകടത്തെതുടർന്ന് വിശ്രമത്തിലായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും സുപർണ പറഞ്ഞു. സഞ്ജയിനോട് സുപർണ മുൻകാമുകിയായിരുന്നില്ലേ? വിശേഷങ്ങൾ പങ്കുവെയ്ക്കുന്നില്ലേ? എന്ന് റിമി ചോദിച്ചപ്പോഴാണ് സുപർണ്ണയുടെ ഈ തിരുത്തൽ. വിവാഹമോചനത്തിനു ശേഷവും നിങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നതു കാണുമ്പോൾ സന്തോഷമുണ്ടെന്നായിരുന്നു റിമിയുടെ മറുപടി
സഞ്ജയ്ക്കൊപ്പം വൈശാലിയുടെ സംവിധായകൻ ഭരതന്റെ ഭാര്യ കൂടിയായ കെപിഎസി ലളിതയും ഋഷ്യശൃംഗൻ ശബ്ദം നൽകിയ കൃഷ്ണചന്ദ്രനും അപൂർവസംഗമത്തിന് സാക്ഷ്യംവഹിച്ചു. വൈശാലിയിലെ നായിക സുപർണയെ ആണ് സഞ്ജയ് ആദ്യം വിവാഹം ചെയ്തത്. 2007 ൽ ഇവർ വിവാഹമോചിതരായി. രണ്ട് കുട്ടികളുണ്ട്. കുട്ടികൾ ഡൽഹിയില്‍ സുപർണയോടൊപ്പമാണ് താമസം. ഇരുവരും വേറെ വിവാഹം ചെയ്തു.