മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരുടെ ലിസ്റ്റിൽ മുന്നിലുള്ള പേരു തന്നെയാണ് വൈക്കം വിജയലക്ഷ്മിയുടേത്. പാട്ടുകൾ പോലെ തന്നെ വിജയലക്ഷ്മി വിവാഹിതയാകുന്നു എന്ന വാർത്തയും ആരാധകരെ ആവേശത്തിലാക്കി. പ്രിയഗായികയുടെ വിവാഹവും ആരാധകർ ആഘോഷമാക്കി. വിവാഹത്തലേന്നുള്ള വൈക്കം വിജയലക്ഷ്മിയുടെ പാട്ടും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വിജയലക്ഷ്മിയുടെ വിവാഹത്തലേന്നുള്ള ചടങ്ങുകളുടെ വിഡിയോയും പാട്ടുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'സ്വപനസുന്ദരി' നാൻ എന്ന ഗാനമാണ് വിജയലക്ഷ്മി പാടിയത്. വീര ശിവജി എന്ന തമിഴ് സിനിമയിൽ വൈക്കം വിജയലക്ഷ്മി തന്നെ ആലപിച്ച ഗാനമാണ് ഇത്. 2017ൽ പുറത്തിറങ്ങിയ ചിത്രത്തിനു സംഗീതം നൽകിയത് ഡി. ഇമ്മനാണ്.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് ഒക്ടോബർ 22നായിരുന്നു വിവാഹം. പാലാ സ്വദേശിയായ അനൂപാണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. മിമിക്രി കലാകാരനായ അനൂപ് ഇന്റീരിയർ ഡിസൈനർ കോൺട്രാക്ടർ കൂടിയാണ്.
അനൂപ് തന്നെ മനസ്സിലാക്കുന്ന ആളാണെന്നു ബോധ്യപ്പെട്ടതിനാലാണു വിവാഹത്തിനു തയ്യാറായതെന്നു വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇരുവരും കലാരംഗത്ത് പ്രവർത്തിക്കുന്നവരായതിനാൽ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.