രൺവീറിന്റെയും ദീപികയുടെയും വിവാഹ ആഘോഷങ്ങള്‍ അവസാനിക്കുന്നിടത്ത് മറ്റൊരു താര വിവാഹത്തിന്റെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും പ്രശസ്ത ഗായകൻ നിക്ക് ജോനാസിന്റെയും. വിവാഹത്തിനായി ഇന്നലെ വൈകുന്നേരത്തോടെ നിക് ഡൽഹിയിൽ എത്തി. പതിവിൽ നിന്നും വ്യത്യസ്തമായായിരുന്നു നിക്കിനെ പ്രിയങ്ക ഇന്ത്യയിലേക്കു സ്വാഗതം ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ നിക് ജോനാസിനൊപ്പമുള്ള പ്രണയാതുരമായ ചിത്രം പങ്കുച്ചാണ് പ്രിയങ്ക നിക്കിനെ സ്വാഗതം ചെയ്തത്. ചിത്രം പങ്കുവച്ച് പ്രിയങ്ക കുറിച്ചത് ഇങ്ങനെ. “Welcome home baby”
നിക്കിനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വീടാണ് ഇന്ത്യ എന്നു മുൻപു നൽകിയ ഒരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ: 'നിക് ജോനാസ് ആദ്യമായി മുംബൈ സന്ദർശിക്കുമ്പോൾ ഞാനായിരുന്നു ആ ടൂർ ഗൈഡ്. എന്നാൽ മൂന്നാമത്തെ യാത്ര ആയപ്പോഴെക്കും നിക്കിന് എല്ലാ സ്ഥലങ്ങളും അറിഞ്ഞിരുന്നു. മാത്രമല്ല, കൂടുതല്‍ ആളുകളുമായി നിക്ക് ഇടപഴകുകയും ചെയ്തു. അന്നുമുതൽ നിക്കിനു സ്വന്തം നാടുപോലെ തന്നെയാണ് ഇന്ത്യയും.'
ബുധനാഴ്ച ഇന്ത്യയിലേക്കു വരികയാണെന്നു പറഞ്ഞ് നിക് ജോനാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ജോധ്പൂരിൽ നവംബർ 28 മുതലാണു വിവാഹ ചടങ്ങുകൾ ആരംഭിക്കുക.