വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് കുടുംബം. പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിനു സാമ്പത്തിക ബന്ധമുണ്ടെന്നും മരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ കുടുംബം ആവശ്യപ്പെട്ടു. ഈ കുടുംബത്തിലെ വ്യക്തിയാണ് കാറോടിച്ച അർജുനെന്നും ബാലഭാസ്കറിന്റെ കുടുംബം പറയുന്നു.
തൃശൂരിൽ റൂമെടുത്തു താമസിച്ച ബാലഭാസ്കറിനും കുടുംബത്തിനും അന്ന് തിരുവന്തപുരത്തേക്ക് തിരക്കിട്ടു മടങ്ങേണ്ടിയിരുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ലക്ഷ്മിയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ബാലഭാസ്കറിന്റെ പിതാവ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. കാറോടിച്ച അർജുൻ എന്തിനാണു ആദ്യം നുണ പറഞ്ഞതെന്ന് അന്വേഷിക്കണം. സാമ്പത്തിക ഇടപാടിനു ഇതിൽ പങ്കുണ്ടോ എന്നും കുടുംബം സംശയിക്കുന്നുണ്ട്.
ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി സൗഹൃദവും സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഈ കുടുംബത്തിലെ അംഗമാണ് അർജുൻ. ലക്ഷ്മിയുടെയും അർജുന്റെയും മൊഴിയിലെ വൈരുധ്യമാണ് പരാതിയിലേക്ക് നയിച്ചത്. കാർഓടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു അർജുന്റെ മൊഴി. എന്നാൽ അർജുൻ തന്നെയാണു കാറോടിച്ചതെന്നു ഭാര്യ ലക്ഷ്മി പിന്നീടു പൊലീസിനു മൊഴിനൽകി. ഇരുവരുടെയും മൊഴി വൈരുധ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് പരാതിയുമായി ബാലഭാസ്കറിന്റെ കുടുംബം എത്തിയത്.