വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെയും ബാലഭാസ്കറിനെ സ്നേഹിക്കുന്നവരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുകയാണ്. ബാലഭാസ്കറിന്റെ ഭാര്യ നൽകിയ മൊഴിയിൽ നിന്നും വിഭിന്നമായാണു ബാലഭാസ്കറിന്റെ സുഹൃത്ത് അർജുനും അഞ്ചുസാക്ഷികളും നൽകിയ മൊഴി.
അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് സുഹൃത്ത് അർജുൻ ആണെന്നായിരുന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാൽ ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നാണു സാക്ഷികളായ അഞ്ചുപേർ പൊലീസിൽ മൊഴി നൽകിയത്. ഡ്രൈവിങ് സീറ്റിൽ നിന്നും പുറത്തെടുത്തത് ബാലഭാസ്കറിനെയാണെന്നും ഇവർ നൽകിയ മൊഴിയിലുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ പിതാവ് സി.കെ ഉണ്ണി ഉന്നയിച്ചിരുന്നു. വാഹനം ഓടിച്ചിരുന്നത് സുഹൃത്ത് അർജുനാണെന്നായിരുന്നു കുടുംബത്തിന്റെ പ്രധാനവാദം. മാത്രമല്ല ബാലഭാസ്കറിന് പാലക്കാട്ടെ ആയുർവേദ ഡോക്ടറുടെ കുടുംബവുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും കുടുംബം പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പിതാവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഇപ്പോള്‍ സാക്ഷിമൊഴികൾ എടുത്തത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ബാലഭാസ്കറിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ ഇപ്പോഴും സ്നേഹിക്കുന്നവരും