Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കർ മഹാദേവനും മോഹൻ ലാലിന്റെ 'ആ' മകളും തമ്മിൽ...

mohanln-sankar

'മിഴി അഴകും മൊഴി അഴകും എന്നിലണിഞ്ഞമ്മ

താരാട്ടിൻ രാരീരം മനസ്സിൻ താളമായ്...'

വേണു നാഗവള്ളി ചിത്രം കളിപ്പാട്ടത്തിലെ  ഈ ഗാനം ആരും മറന്നു കാണില്ല. അത്രമേൽ ഹൃദയസ്പർശിയായിരുന്നു ആ ഗാനരംഗവും അതിലെ അച്ഛന്റെയും മകളുടെയും സ്നേഹവും. ആ അച്ഛന്റെ മകൾ എത്തിയത് മലയാളിയുടെ ഹൃദയത്തിലേക്കായിരുന്നു. അച്ഛന്റെ അമ്മുക്കുട്ടി മലയാളത്തിന്റെ അമ്മുക്കുട്ടിയായി മാറി. 

ഈ ഒറ്റകഥാപാത്രം മതി ദീപ്തി പിള്ളയെ മലയാളി ഓർക്കാൻ. അന്നത്തെ കൗമാരക്കാരി ഇന്ന് സംവിധായികയാണ്. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവന്റെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ഡീ കോർഡിങ് ശങ്കർ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ദീപ്തിയാണ്. സംഗീതത്തിനു വേണ്ടി ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്ന ശങ്കർ മഹാദേവന്റെ തീരുമാനത്തെയും അദ്ദേഹത്തിന്റെ സംഗീത ജീവിതവുമാണ് ഡോക്യുമെന്ററിയിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസവും ജോലിയും മാത്രം ജീവിത ലക്ഷ്യമാകുന്നിടത്തു സംഗീതം കൊണ്ടു ജീവിത വിജയം നേടിയ വ്യക്തിയാണ് ശങ്കർ മഹാദേവൻ. വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്വന്തം കരിയർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നമ്മൾ പുതുതലമുറയ്ക്കു നൽകണമെന്ന സന്ദേശം നൽകുന്നതാണു ഡോക്യുമെന്ററി.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ശങ്കർ മഹാദേവനെ കുറിച്ചുള്ള ദീപ്തിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണു ലഭിച്ചത്. പ്രശസ്ത സംവിധായകൻ സഞ്ജയ് ശിവന്റെ ഭാര്യയാണ്.

1993ൽ പുറത്തിറങ്ങിയ ചിത്രമാണ് കളിപ്പാട്ടം. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് ദീപ്തി എത്തിയത്. മൊഴിയഴകും മിഴിയഴകും എന്ന ഗാനം മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനമാക്കി മാറ്റുന്നത് മോഹൻലാലിലെ അച്ഛനും ദീപ്തിയിലെ മകളും തന്നെയാണ്. യേശുദാസും ചിത്രയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. കോന്നിയൂർ ഭാസിന്റെ വരികൾക്കു രവീന്ദ്രനാണു സംഗീതം നൽകിയത്.