മഴവിൽ മനോരമയിലെ സൂപ്പർ ഫോറിലൂടെ മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരനനായി മാറിയതാണു തൃശൂരുകാരനായ ശ്രീഹരി. ആരാധകർ അവനെ സ്നേഹത്തോടെ ശ്രീക്കുട്ടൻ എന്നുവിളിച്ചു. ജീവിതത്തിൽ ശ്രീഹരിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണ്. സൂപ്പർഫോറിന്റെ പലവേദികളിലും ശ്രീഹരി അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ അമ്മയ്ക്കു പിറകെ നടന്നു പാടുന്ന പാട്ടിനെ പറ്റി പറയുകയാണ് ശ്രീഹരി.
നമ്മൾ എന്ന ചിത്രത്തിൽ മോഹൻ സിത്താര ഈണം പകർന്ന എന്നമ്മേ ഒന്നു കാണാൻ എന്ന പാട്ടാണ് ശ്രീഹരി അമ്മയ്ക്കായി പാടിയത്. ശ്രീഹരിയുടെ വാക്കുകൾ ഇങ്ങനെ: അമ്മയെ ഭയങ്കര ഇഷ്ടമാണ്. അടുക്കളയിലും മറ്റും അമ്മയുടെ പിറകെ നടന്നു ഞാന്‍ ഈ പാട്ടു പാടാറുണ്ട്. അമ്മയ്ക്കും വലിയ ഇഷ്ടമാണ് ഈ പാട്ട്. അതുകൊണ്ടു തന്നെ ഈ പാട്ട് പാടുമ്പോഴും കേൾക്കുമ്പോഴുമെല്ലാം അമ്മയെയാണ് ഓർക്കാറുള്ളത്.'
മഴവിൽ മനോരമ സൂപ്പർ ഫോർ റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു ശ്രീഹരി. ഈ വേദിയാണ് ഓരോപാട്ടും കൂടുതൽ നന്നായി പഠിക്കാൻ സഹായിച്ചതെന്നും ശ്രീഹരി പറഞ്ഞു. ശ്രീഹരിക്കൊപ്പം മൂത്തസഹോദരനും സൂപ്പർഫോറിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ ശ്രീഹരിക്കാണ് റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചത്. ശരിക്കും ചേട്ടനായിരുന്നു കിട്ടേണ്ടിയിരുന്നതെന്നും പക്ഷേ, തനിക്കാണ് അവസരം ലഭിച്ചതെന്നും ശ്രീഹരി പറഞ്ഞു.
സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ശ്രീഹരിയുടേത്. അച്ഛൻ തകിൽ വായിക്കുകയും അമ്മയും ചേട്ടനും പാട്ടു പാടുകയും ചെയ്യും. ഈ പാരമ്പര്യമാണു ശ്രീഹരിക്ക് സംഗീത രംഗത്തേക്ക് വഴികാണിച്ചത്. ഡാൻസിനോടും പാട്ടിനോടും ഒരുപോലെ താത്പര്യമുള്ള ശ്രീഹരി ഇപ്പോൾ പാട്ടിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ്. മോഹൻസിത്താര മ്യൂസിക് സ്കൂളിൽ 2011 മുതൽ സംഗീതം പഠിക്കുകയാണ് ശ്രീഹരി.