ഉന്മാദത്തിന്റെ ചിറകിലേറി ആനന്ദ രാവിലേക്കു കൂട്ടിക്കൊണ്ടു പോകുകയാണ് ഒടിയനിലെ പുതിയ പാട്ട്. നാടൻ പാട്ടിന്റെ താളത്തിൽ എത്തുന്ന പാട്ട് ഒടിയന്റെ മായാജാലങ്ങൾ നിറഞ്ഞ രാത്രിയിലേക്കാണു കൂട്ടികൊണ്ടു പോകുന്നത്. പ്രഭാവർമയുടെ തനിനാടൻ വരികൾ. എം.ജയചന്ദ്രന്റെ നാടോടി സംഗീതം. മോഹൻലാലിന്റെ ആലാപനം. എല്ലാം ചേരുമ്പോൾ ഗാനം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.
'എല്ലാവർക്കുമുണ്ടാകും സന്തോഷം മുടിയഴിച്ചാടുന്ന ചിലരാത്രികൾ. അന്നേരം അവർപാടുന്ന ഏതുപാട്ടിനും ഉൻമാദത്തിന്റെ ചിറകുകൾ കൈവരുന്നു. അങ്ങനെയുള്ള തേങ്കുറിശ്ശി രാത്രികളിൽ ഈ ഒടിയൻ മാണിക്യനും തുറന്നുപാടാറുണ്ട്. ആനന്ദവും അനുരാഗവും എന്റെ കൈ ചേർത്തു പിടിച്ച് ആ പാട്ട് ഒപ്പം പാടാറുമുണ്ട്.' എന്ന മോഹൻലാലിന്റെ ഡയലോഗിലൂടെയാണു ഗാനം തുടങ്ങുന്നത്.
'ഏനൊരുത്തൻ മുടിയഴിച്ചിങ്ങാടണ്
കാരിരിമ്പു കരിമ്പനയായ് ആടണ്
കാറ്റ് കണക്ക് ഏനെ തൊട്ടു പാടടി
നീറ്റു കരിമേഘപ്പെണ്ണായ് ആടടി'
ചിത്രത്തിൽ മോഹൻലാലിന്റെ വരവ് ഈ ഗാനത്തിലൂടെയാണെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം യുട്യൂബ് ട്രന്റിങ്ങിൽ ഇടംപിടിച്ചു. നിലവിൽ ട്രന്റിങ്ങിൽ രണ്ടാമതാണു ഗാനം. മോഹൻലാലിന്റെ ഈ പാട്ടിനു ഒരു കുതിരപ്പവൻ, തീയറ്റർ തകർക്കും, ഈ പാട്ടിൽ ലാലേട്ടന്റെ ഡാൻസും ആക്ഷൻസും ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം എന്നൊക്കെയാണു പലരുടെയും കമന്റുകൾ. അഞ്ചരലക്ഷത്തോളം പേർ ഇതിനോടകം തന്നെ ഗാനം യൂട്യൂബിൽ കണ്ടു.
ഒടിയനിലേതായി നേരത്തെ പുറത്തിറങ്ങിയ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിനും മികച്ച പ്രതികരണമാണു ലഭിച്ചത്. പ്രഭയുടെയും മാണിക്യന്റെയും പ്രണയം പറഞ്ഞ ഗാനം ആസ്വാദക ഹൃദയങ്ങളിൽ ഇതിനോടകം തന്നെ ഇടംനേടിക്കഴിഞ്ഞു. ഒടിയനിലെ ഓരോ ഗാനവും വേറിട്ട അനുഭവമായിരിക്കുമെന്നാണു സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ പ്രതികരണം. പ്രഭാ വർമ, റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണു ചിത്രത്തിനായി ഗാനങ്ങൾ എഴുതിയിരിക്കുന്നത്. മോഹന്‍ലാൽ, ശങ്കർ മഹാദേവൻ സുദീപ് കുമാർ, ശ്രേയ ഘോഷാൽ എന്നിവരാണു ചിത്രത്തിനായി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്
വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഡിസംബർ പതിനാലിനു ചിത്രം തീയറ്ററുകളിലെത്തും.