ബോളിവുഡ് വിവാഹങ്ങള്‍ ഇന്ത്യയ്‌ക്കെന്നും ഹോളി പോലെ നിറങ്ങളുടെ ഉത്സവം തന്നെയാണ്. ഏറ്റവുമൊടുവില്‍ ആ നിറങ്ങള്‍ക്കു നടുവില്‍ നിന്നു നമ്മെ നോക്കി കണ്‍ചിമ്മിയത് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. അമേരിക്കന്‍ ഗായകനും ബോളിവുഡ് താര സുന്ദരിയും ചേര്‍ന്ന ജോഡിയുടെ പ്രണയവും വിവാഹ പ്രഖ്യാപനവും അങ്ങേയറ്റം അതിശയത്തോടെയാണ് നാം നോക്കിക്കണ്ടത്. ഒട്ടേറെ പ്രത്യേകതകളുള്ള ആ ഒന്നുചേരലിന്റെ വിശേഷങ്ങള്‍ക്കും അതേ ആകാംക്ഷ തന്നെയാണ്. പറഞ്ഞു വരുന്നത് ആ വിവാഹത്തിലെ മലയാളി സാന്നിധ്യത്തെ കുറിച്ചാണ്. ഇന്ത്യയില്‍ ഇന്നോളം നടന്നിട്ടുള്ള ഒട്ടുമിക്ക താരവിവാഹങ്ങളിലും മലയാളത്തിന്‍രെ സ്വന്തം കലാകാരന്‍മാരും പങ്കാളികളായിട്ടുണ്ട്. ഇവിടെയും അതിനു മാറ്റമില്ല. വിവാഹം ക്രിസ്ത്യന്‍ ആചാര പ്രകാരം നടക്കുമ്പോള്‍ പള്ളിയ്ക്കുള്ളില്‍ ഒഴുകിയ സംഗീതം സൃഷ്ടിച്ചവര്‍ക്കു പിന്നില്‍ മലയാളത്തിന്റെ സ്വന്തം ഓര്‍ഫിയോ ബാന്‍ഡുമുണ്ട്.
കാരള്‍, സുബിന്‍, കുശ്മിത, തന്യ അപ്രതീക്ഷിതമായിട്ടായിരുന്നു ഓര്‍ഫിയോയെ തേടി ഇങ്ങനെയൊരു അവസരമെത്തിയത്. മുന്‍പ് അംബാനിയുടെ മകളുടെ വിവാഹത്തിനും സംഗീത നിശയില്‍ ഈ സംഘം ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് പ്രിയങ്ക-നിക്ക് ജൊനാസ് വിവാഹത്തിലേക്കുമുള്ള ക്ഷണമെത്തിയത്. ഒരു വിവാഹത്തിന് സംഗീതം അവതരിപ്പിക്കാനുണ്ട്് എന്നു പറഞ്ഞ് കോള്‍ എത്തിയപ്പോള്‍ ഓര്‍ഫിയോയിലെ അംഗങ്ങള്‍ക്ക് ചെറിയ സൂചന കിട്ടിയിരുന്നു അത് ഈ വിവാഹം തന്നെയാകും എന്ന്. ജോധ്പൂര്‍ ആണ് വിവാഹ വേദിയെന്നും തീയതിയും പറഞ്ഞതോടെ ഏകദേശം ഉറപ്പിച്ചിരുന്നു. ധാരണ തെറ്റിയില്ല, അത് സ്വപ്‌ന മാംഗല്യത്തിലേക്കുള്ള ക്ഷണം തന്നെയായിരുന്നു. മൂന്നു ദിവസമാണ് ഓര്‍ഫിയോ സംഘം ജോധ്പൂരില്‍ ചെലവിട്ടത്. വിവാഹ വേദിയിലേക്ക് വധുവും വരനും ബന്ധുക്കളും എത്തുന്ന നേരമായിരുന്നു വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതം അവതരിപ്പിച്ചത്.
ഓര്‍ഫിയോ മുന്‍പും ഇതുപോലെയുള്ള വന്‍ വിവാഹങ്ങള്‍ക്കു വായിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു ക്ഷണം പ്രതീക്ഷിച്ചിരുന്നതല്ല. അതുപോലെ ഇത്ര ചെറിയ സംഘമായി പോകുന്നതും ഇത്ര ചെറിയൊരു ഭാഗം മാത്രം വായിക്കുന്നതും ഇതാദ്യമെങ്കിലും ഒട്ടേറെ പ്രത്യേകതകളുള്ളൊരു താര വിവാഹത്തില്‍ പങ്കെടുത്തതിന്റെ ത്രില്‍ ഇനിയും മാറിയിട്ടില്ല. കര്‍ശനമായ സുരക്ഷ ഉണ്ടായിരുന്നതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് അധികം ആരോടും പറയാതെയാണു പോയത്. മൊബൈല്‍ ഫോണുകള്‍ അനുവദിക്കാത്തതിനാല്‍ ചിത്രങ്ങളും പകര്‍ത്താനായില്ല. എങ്കിലും ഈ സംഗീത സംഘത്തിന്റെ മനസ്സിലെന്നും ആ ഓര്‍മ്മകളുണ്ടാകും. കേട്ടറിഞ്ഞതു പോലെ ശ്രേഷ്ഠമായിരുന്നു വിവാഹമെന്നതു കൊണ്ടു തന്നെ.