സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി ഒടിയനിലെ പുതിയ ഗാനം. ചിത്രത്തിലെ ആദ്യ വിഡിയോ ഗാനമാണ് 'മാനം തുടുക്കണ് നേരം വെളുക്കണ്'. ശനിയാഴ്ച പുറത്തിറങ്ങിയ ഗാനം ഇപ്പോൾ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതാണ്.
നാടൻ വരികളാണ് ഗാനത്തിന്റേത്. ഗ്രാമീണ കാഴ്ചകളും, ഒടിയൻ മാണിക്യന്റെ വിദൂരത്തിലെ പ്രതീക്ഷകളുമാണു പ്രമേയം. മോഹൻലാലും മഞ്ജുവാര്യരുമാണു ഗാന രംഗത്തിൽ എത്തുന്നത്. ശ്രേയാ ഘോഷാലിന്റെ മലയാളി തനിമയിലുള്ള ആലാപനം തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്നു.
ചിത്രത്തലേതായി നേരത്തെ പുറത്തിറങ്ങിയ രണ്ടുഗാനങ്ങളും മികച്ച പ്രതികരണമാണു നേടിയത്. ആദ്യമായാണ് ഒടിയനിലെ വിഡിയോ ഗാനം എത്തുന്നത്. റഫീഖ് അഹമ്മദ്, പ്രഭാ വർമ, ലക്ഷ്മി ശ്രീകുമാർ എന്നിവരാണു വരികൾ എഴുതിയിരിക്കുന്നത്. ശ്രേയ ഘോഷാൽ, മോഹൻലാൽ, സുദീപ് കുമാർ എന്നിവരുടെതാണ് ആലാനം
ഒടിയനിലെ ഓരോ ഗാനങ്ങളും വിസ്മയിപ്പിക്കും എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, ആറാം തമ്പുരാനു ശേഷം മഞ്ജു വാര്യർ അതേ ലുക്കില്‍, ഓരോ ലൈക്കുകളും ഡിസ്‌ലൈക്കുകൾക്കുള്ള അടിയാണ് എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. മോഹൻലാലിനും മഞ്ജു വാര്യർക്കും പുറമെ പ്രകാശ് രാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഹരികൃഷ്ണന്റെ തിരക്കഥയിൽ വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ഡിസംബർ പതിനാലിനു തീയറ്ററുകളിലെത്തും.