Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ടിക്ടോക്കിൽ 'നില്ല് നില്ലു'മായി ജാസിഗിഫ്റ്റും; കയ്യടിച്ച് സോഷ്യൽ മീഡിയ

jassie-gift

ജാസിഗിഫ്റ്റ് സംഗീതം നൽകി ആലപിച്ച 'നില്ല് നില്ല് എന്റെ നീലക്കുയിലെ' എന്ന ഗാനം വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ഏറെ ചർച്ചയാകുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം ടിക് ടോക്കിൽ ഈ ഗാനവുമായി എത്തുകയാണ് സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്. 

ടിക് ടോക്കിൽ നേരത്തെ നില്ല് നില്ല് എന്ന ഗാനം പടർന്നിരുന്നു.ഓടുന്ന വാഹനത്തിനു മുന്നിലേക്ക് നില്ല് നില്ല് എന്ന പാട്ടുപാടി എത്തുന്നതായിരുന്നു ഗെയിം. എന്നാൽ ഇത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നു എന്നതിനാൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ജാസിഗിഫ്റ്റ് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ടിക് ടോക്കിൽ ഈ ഗാനവുമായി എത്തുന്നത്. 

ഗാനത്തിനൊപ്പം കൂട്ടത്തിലുള്ള പെണ്‍കുട്ടി ബീറ്റ് ബോക്സ് നൽകുന്നതിനെ പ്രശംസിക്കുന്നവരാണ് ഏറെയും. ഇതാണ് യഥാർഥ 'നില്ല് നില്ല് നീലക്കുയിലേ' എന്നാണു ചിലരുടെ കമന്റുകൾ. വോക്കൽ കച്ചേരി രൂപത്തിലാണ് നില്ല് നില്ല് പാടുന്നത്. ഈ ഗാനത്തിന്റെ പലരൂപത്തിലുള്ള വിഡിയോകളും കണ്ടു. പക്ഷേ, ഇത്രയും ഗംഭീരമായ വിഡിയോ കാണുന്നത് ആദ്യമായാണെന്നും പറയുന്നവരും ഉണ്ട്. 

2004ൽ പുറത്തിറങ്ങിയ 'ഫോർ ദ് പ്യൂപ്പിൾ' എന്ന ചിത്രത്തിലേതാണ് നില്ല് നില്ല് എന്ന ഗാനം. ചിത്രം ഇറങ്ങിയ കാലത്ത് വളരെ ഹിറ്റായിരുന്നു പാട്ടുകൾ. ലജ്ജാവതിയേ, അന്നക്കിളി, നില്ല് നില്ല് എന്നിവയായിരുന്നു ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ. വർഷങ്ങൾക്കിപ്പുറം ഗാനം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഗാനം ഇപ്പോഴും ആളുകൾ മറന്നിട്ടില്ലെന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ടെന്നായിരുന്നു ജാസി ഗിഫ്റ്റിന്റെ പ്രതികരണം.