പ്രകൃതിയും പ്രണയവും പരസ്പര പൂരകങ്ങളാണെന്നു ഒരിക്കൽ കൂടി ഓർമിക്കുകയാണ് 'നീയും ഞാനും' എന്ന ചിത്രത്തിലെ കുങ്കുമ നിറസൂര്യൻ എന്ന ഗാനം. ബി.കെ ഹരിനാരായണന്റെതാണു പ്രകൃതിയും പ്രണയവും ഇഴചേരുന്ന വരികൾ.
കുങ്കുമനിറ സൂര്യൻ ചന്ദവെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം
തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ
പെയ്യും പാട്ടിൻ പാൽ മധുരം.
വിനു തോമസിന്റെ സംഗീതം ഹരിനാരായണന്റെ വരികൾക്കു ജീവൻ നൽകി. ശ്രേയ ഘോഷാലിന്റെ മധുരതരമായ ആലാപനം കൂടിയാകുമ്പോൾ ഗാനം എത്തുന്നത് ആസ്വാദക ഹൃദയത്തിലേക്കാണ്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ശ്രേയയുടെ ആലാപന മാധുര്യത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. 'ഗൂഗിളല്ല, ദൈവം തമ്പുരാൻ പറഞ്ഞാലും ശ്രേയ മലയാളി അല്ലെന്നു വിശ്വസിക്കില്ല' എന്നാണ് ആരാധകരുടെ കമന്റുകൾ. ഗാനം യുട്യൂബ് ട്രന്റിങ്ങിൽ ഇടം നേടി.
ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയാണു അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണു വിഡിയോ പ്രകാശനം ചെയ്തത്. അനു സിത്താരയും ഷറഫുദ്ദീനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് 'നീയും ഞാനും'. സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, അജു വർഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.സിയാദ് കോക്കർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം എ.കെ. സാജനാണ്.