ഉറക്കം കണ്ണുനീരിന്റെ പൊട്ടുതൊടുന്ന കുഞ്ഞിക്കണ്ണിനുള്ളിൽ മഴവില്ലിന്റെ ചേലുതീർക്കാൻ, നക്ഷത്രക്കണ്ണുപൂട്ടി നല്ല കിനാവ് കണ്ട് വാവ ചാഞ്ഞുറങ്ങാൻ ഇനി ഈ പാട്ടുമൊരു നല്ല കൂട്ടാകും. മലയാളത്തിന്റെ പാട്ടുപെട്ടിയിലേക്ക് വീണ്ടുമൊരു അമ്മപാട്ട്. ചിത്രപൗർണമിയുടെ നിലാഭംഗിയില്‍ ഊർന്നുവീണ താരാട്ട് പാട്ട്. ആലാപനത്തിന്റെ ഏറ്റവും ശ്രുതിമധുരമായൊരു കുഞ്ഞിടത്തിലിരുന്ന് കെ എസ് ചിത്രയെന്ന വാനമ്പാടി പാടിത്തന്ന താരാട്ട് പാട്ട്. ചെന്നൈ കൂട്ടമെന്ന ചിത്രത്തിലെ ഈ ഗീതം ഒരു മാത്രകേൾക്കുമ്പോഴേ മനസിനുള്ളലിലെ അമ്മസ്നേഹത്തിന്റെ നല്ലോർമകളിലേക്ക് അലിഞ്ഞു ചേരും. മടുപ്പിന്റെ മറവിയുടെ ചെറുകണം പോലും തൊടാത്ത അനശ്വര ഗീതം പോലെ.
തള കിലുക്കി ഓടി നടക്കുന്ന കുഞ്ഞുവാവയുടെ ചിരി പോലെ താളാത്മകമായ പാട്ട്. സാജൻ കെ റാമിന്റേതാണ് ഈണം. മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു അനുഭവത്തെ കുറിച്ചുള്ള പാട്ടിന് ഈണങ്ങളുടെ വാൽസല്യ ഭാവം തന്നെയാണ് ഈ സംഗീത സംവിധായകൻ വരികളിലേക്ക് ഇഴചേർത്തത്. മനോജ് മണയിലെഴുതിയ വരികള്‍ക്കിടയിൽ ഉറക്കത്തിനിടയിൽ അമ്മുമ്മ കഥ കേട്ട് അറിയാതെ ചിരിക്കുന്ന വാവയെ കാണാം...ഒരു അമ്മയുടെ മനസിനുള്ളിലെ സ്നേഹത്തിന്റെ ആഴമറിയാം. മാതൃത്വത്തിന്റെ മനോഹരമായ ഭാവങ്ങളറിയാം. കെ എസ് ചിത്രയുടെ ഏറ്റവും മികച്ച ഗാനങ്ങളുെട കൂടാരത്തിലേക്ക് തന്നെയാണ് ഈ പാട്ടിന്റെയും യാത്ര. പുതുമഖ സംവിധായകൻ ലോഹിത് മാധവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചെന്നൈക്കൂട്ടം. ശ്രീജിത് വിജയ്, ഗായത്രി മയൂര, ലീമ, സുനിൽ സുഗത, സിനിൽ സൈനുദ്ധീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1991ൽ പുറത്തിറങ്ങിയ സാന്ത്വനത്തിലെ ഉണ്ണീ വാവാവോ...93ലെ ചിത്രം വാത്സല്യത്തിലെ താമരക്കണ്ണനുറങ്ങേണം എന്നിവയാണ് കെ എസ് ചിത്രയിലൂടെ മലയാളി കേട്ട താരാട്ട് പാട്ടുകൾ.