രജനീകാന്ത് ചിത്രമായ കബാലിയിലെ നെരുപ്പ്ഡാ പാട്ടു കേട്ടപ്പോൾ നിങ്ങൾ പറഞ്ഞില്ലേ...അളിയാ കലിപ്പ് പാട്ടെഡാ എന്ന്...ആ പറച്ചിൽ ഒന്നുകൂടി ആവർത്തിക്കുവാൻ റെഡിയായിക്കോളൂ. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലുമുണ്ട് അത്തരത്തിലൊരു ഗാനം. നെരുപ്പ്ഡാ പാട്ടുകാരൻ അരുൺരാജ കാമരാജ് തന്നെ പാടിയ ഗാനം.
സിനിമയുടെ പ്രമോഷണൽ വിഡിയോ സോങ് ആണിത്. ചിങ്ങം ഒന്ന് ആയ നാളെ രാവിലെ 10 മണിക്ക് മനോരമ ഓൺലൈൻ വിഡിയോ ഔദ്യോഗികമായി പുറത്തുവിടും. എൺപതുകളിലെ ക്യാംപസ് രാഷ്ട്രീയം പശ്ചാത്തലമാകുന്ന ചിത്രത്തിൽ ടൊവീനോയും രൂപേഷും വേറിട്ട ഗെറ്റപ്പിലാണെത്തുന്നത്.
റാപ് സോങിന്റെ മാസ്മരികതയും അരുൺ രാജ കാമരാജിന്റെ ത്രസിപ്പിക്കുന്ന സ്വരവും ചേർന്ന പാട്ടാണിത്. മലയാളത്തിന്റെ പാട്ടീണങ്ങളിൽ അതൊരു പുതിയ അനുഭവമായിരിക്കുമെന്നുറപ്പ്.
അരുൺ രാജ കാമരാജിന്റെ ആദ്യ മലയാളം പാട്ടു കൂടിയാണിത്. മണികണ്ഠന്‍ ആണ് സംഗീത സംവിധായകൻ. മണികണ്ഠന്റേയും ആദ്യ ചിത്രം കൂടിയാണിത്. നവാഗത സംവിധാനയകനായ ടോം ഇമ്മട്ടിയുടെ ചിത്രമാണിത്. ജൂഡ് ആന്റണിയുടേതാണു തിരക്കഥ.
അനൂപ് കണ്ണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് കണ്ണനാണ് നിർമാണം. ജവാൻ ഓഫ് വെള്ളിമല എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനൂപിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ലിന്റോ തോമസ് ആണ് കോ പ്രൊഡ്യൂസർ.
ടൊവീനോ തോമസും രൂപേഷ് പീതാംബരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൈകാര്യം ക്യാംപസ് രാഷ്ട്രീയമാണു ചർച്ച ചെയ്യുന്നത്. മഹാരാജാസ് കോളെജിൽ എസ്എഫ്ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ച എങ്ങനെയായിരുന്നുവെന്നു പറയുന്ന സിനിമ അതുകൊണ്ടു തന്നെ യുവത്വം ഏറെ പ്രതീക്ഷയോടെയാണു നോക്കികാണുന്നതും.