കേട്ടു കൊതിച്ച ഏ ആർ റഹ്മാൻ കവർ വേർഷനുകൾ

എത്ര കേട്ടാലും നവീനത്വം നഷ്ടപ്പെടാത്ത പാട്ടുകളാണ് ഏ ആർ റഹ്മാന്റേത്. വൈവിധ്യങ്ങളുടെ ഈണം തേടിയുള്ള യാത്രയ്ക്കിടയിൽ റഹ്മാൻ തീർത്ത സംഗീതമത്രയും അങ്ങനെയുള്ളവയായിരുന്നു. സ്വതന്ത്രതയുടെ ഈണമായിരുന്നു അവയെല്ലാം. സംഗീതലോകത്തേയ്ക്കു ചിറകു വിരിച്ച് പാറിപ്പറക്കാൻ കൊതിക്കുന്ന ഏതൊരാളിന്റെയും സ്വപ്നമായി ഏ ആർ റഹ്മാൻ മാറിയതും അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ട് ഉള്ളിലെ സംഗീതം തിരിച്ചറിഞ്ഞവരും അദ്ദേഹത്തിന്റെ പാട്ടുകളിൽ തങ്ങളുടെ സംഗീത ചിന്തകളും കൂടി ചേർത്ത് കവർ വേർഷനുകൾ തീർത്തവരും ഏറെ. റഹ്മാൻ പാട്ടിന്റെ ഭംഗി എത്രമാത്രം ആഴമുള്ളതാണെന്നറിയിച്ചു അവയില്‍ ചിലത്. ദാ ഈ അടുത്തിടെ റഹ്മാൻ തന്നെ തന്റെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നായ ഹമ്മ ഹമ്മയ്ക്കു അൺപ്ലഗ്ഡ് വേർഷനുമായി എത്തുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരായ ഗായകർ തയ്യാറാക്കിയ ചില കവർ‌ വേർഷനുകളെ അറിഞ്ഞു വരാം...കേട്ടുവരാം...

താൽ സേ താൽ മിലാ

താഴ്‍വാരത്തിലൂടെ പെയ്തിറങ്ങുന്നൊരു മഞ്ഞു മഴ കണ്ടുനിൽക്കുന്ന അനുഭൂതിയാണ് താൽ സിനിമയിലെ ഓരോ പാട്ടുകളും നമുക്കു സമ്മാനിച്ചത്. ആനന്ദ് ബക്ഷിയുടെ വരികൾ അൽക്ക യാദ്നികും ഉദിത് നാരായണനും ചേർന്നാണു പാടിയത്. യുട്യൂബിൽ ഏറ്റവുമധികം കവര്‍ വേര്‍ഷനുകൾ ചെയ്യുന്ന ഗായകരിൽ ഒരാളായ വിദ്യ ഈ റഹ്മാൻ പാട്ടിനു തയ്യാറാക്കിയത് ഏറ്റവും വ്യത്യസ്തമായിട്ടായിരുന്നു. റഹ്മാ‍ൻ ഈണത്തിന്റെ വേറിട്ട ഭംഗി കേൾവിക്കാരിലേക്കെത്തിച്ചു വിദ്യ. ആ സംഗീതത്തെ  പഠിച്ച് അറിഞ്ഞു പാടി വിദ്യ എന്നു തന്നെ പറയണം. ആ ഈണത്തിന്റെ ആത്മാവും ചോരാതെയാണ് വിദ്യ പുതിയ പാട്ട് തയ്യാറാക്കിയത്. 

നറുമുഗയേ...

ഇരുവർ എന്ന ചിത്രം പോലെ ക്ലാസിക് ആണ് നറുമുഗയേ എന്ന ഗാനം. റഹ്മാൻ സംഗീതത്തിൽ ശാസ്ത്രീയ സംഗീതത്തിന്റെ അംശം തീരെ കുറവെന്ന വിമര്‍ശനങ്ങളുടെ വായ അടപ്പിച്ച ഗാനമായിരുന്നു ഇത്. ബോംബെ ജയശ്രീയും ഉണ്ണികൃഷ്ണനും ചേർന്നു പാടിയ ഗാനത്തിനു വരികൾ എഴുതിയത് വൈരമുത്തുവാണ്. ദി ഓർക്കസ്ട്ര സൺഷൈനും കെ എം മ്യൂസിക് കൺസർവേറ്ററിയുമാണ് ഈ പാട്ടിന്റെ ഏറെ സ്വീകാര്യത കിട്ടിയ കവർ വേർഷനു പിന്നിൽ.

ഏകാത്മയുടെ പാട്ട്

ജിംഗിൾസുകൾ തയ്യാറാക്കിക്കൊണ്ടായിരുന്നു റഹ്മാന്റെ സംഗീത യാത്രയുടെ തുടക്കം. അദ്ദേഹത്തിന്റെ പ്രശസ്തമായ ജിംഗിള്‍സുകളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും പാട്ടുകളിലൂടെയുമാണ് ഏകാത്മ ബാൻഡ് കവർ വേർഷൻ തയ്യാറാക്കിയത്. പാട്ടുകൾ തിരഞ്ഞെടുത്തതിലുള്ള സൂക്ഷമതയും മെലോഡിയസ് അത് അവതരിപ്പിച്ചതിലുള്ള ഭംഗിയുമാണ് ഈ കവർ വേർഷനെ പ്രിയപ്പെട്ടതാക്കിയത്

നിലാ കായ്ഗിരത്, സൊന്നാലും കേൾപതില്ലൈ, അഞ്ജലി അഞ്ജലീ

റഹ്മാൻ പാട്ടുകളിലെ മെലഡികളിൽ എന്നെന്നും പ്രിയപ്പെട്ടവയാണ് ഇവയെല്ലാം. ഹരിണിയുടെയും കെ എസ് ചിത്രയുടേയും എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും മാസ്മരിക സ്വരങ്ങളിൽ ചേർന്നാണ് ഈ മൂന്നു പാട്ടുകളും. വൈരമുത്തുവാണ് നിലാ കായ്ഗിരതും അഞ്ജലിയും എഴുതിയത്. സൊന്നാലും കേൾപതില്ലൈ വാലിയുടേതും. സ്വാതി രാമൻ എന്ന ഗായികയാണ് ഈ മൂന്നു പാട്ടുകളും ചേർത്തു വച്ച് റഹ്മാനൊരു സമ്മാനമൊരുക്കിയത്.

എന്ന സോണ

ഓകെ ജാനുവിലെ ഈ പാട്ടിന് സ്വരമായത് അരിജിത് സിങ് ആണ്. റൊമാന്റിക് ഭംഗിയോടെ പാടിയ പാട്ട് ആരുടേയും പ്രിയപ്പെട്ടതാകും ആദ്യ കേൾവിയിൽ തന്നെ. ഗുൽസാറിന്റേതാണു വരികൾ. പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെയെത്തി കവർ വേര്‍ഷനുകളും. അതിലൊന്നാണ് ആശാ ജീവൻ പാടിയത്. സോനു കക്കാർ എന്ന ഗായിക പാടിയ ഫീമെയിൽ വേർഷനും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ജിയാ ജലേ

അമേരിക്കയിലെ ബേൿലീ സ്കൂൾ ഓഫ് മ്യൂസിക് റഹ്മാൻ ആരാധകരുടെ ഇടം തന്നെയാണ്. ഒട്ടേറെ കവർ വേർഷനുകളാണ് ഇവിടത്തെ കുട്ടികൾ തീര്‍ത്തിട്ടുള്ളത്. അതില്‍ ജിയാ ജലേ എന്ന ദിൽസേ യിലെ ഗാനത്തിനു തയ്യാറാക്കിയ കവർ വേർ‍ഷൻ എടുത്തു പറയണം. ലതാ മങ്കേഷ്കര്‍ എന്ന വിസ്മയമാണ് യഥാർഥത്തിൽ ഈ പാട്ടു പാടിയത്. വെസ്റ്റേണ്‍ സ്റ്റൈൽ അൽപം കലർത്തിയാണ് ബേക്‍ലീയിലെ കുട്ടികൾ ഇതുപാടിയത്. 

കന്നത്തിൽ മുത്തമിട്ടാൽ...

ഗായകർ മാത്രമല്ല, വാദ്യോപകരണ വിദഗ്ധരും റഹ്മാൻ പാട്ടുകളിൽ കവര്‍ വേർഷനുകൾ തീർത്തിട്ടുണ്ട്. മലയാളിയായ ശബരീഷ് പ്രഭാകർ റഹ്മാൻ പാട്ടുകളിലൊന്നായ കന്നത്തിൽ മുത്തമിട്ടാൽ വയലിനിൽ‌ വായിച്ചപ്പോൾ ബിബിസി റേഡിയോ വരെ പ്രശംസിച്ചു. ഒരിക്കൽ ഈ പാട്ട് അവരുടെ റേഡിയോയിൽ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. ചിൻമയി ശ്രീപദയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പാട്ടാണിത്. വാലിയുടേതാണു വരികൾ. 

എന്നവളേ അടി എന്നവളേ...

എപ്പോൾ കേട്ടാലും മനസിൽ പ്രണയം നിറയ്ക്കുന്നൊരു ഗാവനമാണ് എന്നവളേ. അഭിജിത് പി.എസ് നായരും സുമേഷ് ആനന്ദും വയലിനിലും പിന്നെ ഗിത്താറിലും തീർത്ത കവർ വേർഷൻ മലയാളികൾക്ക് പ്രിയപ്പെട്ട സംഗീത വിഡിയോകളിലൊന്നു കൂടിയാണ്. കാതലൻ എന്ന ചിത്രത്തിലെ പാട്ട് ഉണ്ണികൃഷ്ണൻ എഴുതി പി.ഉണ്ണികൃഷ്ണനാണു പാടിയത്.

തള്ളി പോഗാതെ

തള്ളി പോഗാതെ എന്നത് പോയ വർഷത്തെ ഏ ആർ റഹ്മാൻ ഹിറ്റ്സുകളിലൊന്നാണ്. ഗൗതം മേനോന്റെ അച്ചം യെൻബദ് മടമൈയെടാ എന്ന ചിത്രത്തിലെ പാട്ട് എഴുതിയത് താമരയാണ്. പാടിയത് സിദ് ശ്രീറാമും. കവർ വേർഷൻ അധീഫും നിപിനും വിഷ്ണുവും ചേർന്നാണ് തയ്യാറാക്കിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഓൺഡ്രാഗ ക്രിയേഷന്‍സ് തന്നെയാണ് ഈ വിഡിയോയും പുറത്തിറക്കിയത്. 

കെഹ്ന ഹി ക്യാ

കെ.എസ് ചിത്രയുടെ സ്വരമാധുരി ഉത്തരേന്ത്യൻ ജനഹൃദയങ്ങളിൽ അടയാളപ്പെടുത്തിയ പാട്ടുകളിലൊന്ന്, റഹ്മാൻ സംഗീതത്തിലെ ക്ലാസികുകളിലൊന്ന് അങ്ങനെ നിരവധി പ്രത്യേകതകളുണ്ട് ബോംബെ എന്ന ചിത്രത്തിലെ പാട്ടുകൾക്ക്. കെഹ്‍നാ ഹി ക്യാ അക്കൂട്ടത്തിലൊന്നാണ്. ബോംബെയുടെ ഹിന്ദി പതിപ്പിലെ പാട്ടിനു വരികൾ മെഹ്ബൂബിന്റേതായിരുന്നു. റഹ്മാന്റെ കണ്ടെത്തലുകളിലൊന്നായ സന മൊയ്തൂട്ടിയാണ് വർഷങ്ങൾക്കിപ്പുറം ഈ പാട്ടിനു കവർ വേർഷൻ തയ്യാറാക്കിയത്. റഹ്മാൻ ഈണമിട്ട മോഹന്‍ ജൊദാരോയിൽ സന ഒരു ഗാനം പാടിയിരുന്നു. 

നൂറിലധികം കവർ വേർഷനുകളാണ് റഹ്മാൻ പാട്ടുകൾക്ക് തീര്‍ത്തിട്ടുള്ളത്. അവയിൽ ചിലതു മാത്രമാണിത്. വരും നാളുകളിൽ ഇതുപോലെ മികച്ചത് പിന്നെയും പരിചയപ്പെടാം കേൾക്കാം....