കഴിഞ്ഞ ദിവസം ഇന്ത്യൻ ട്വിറ്റർ ലോകം സജീവമായത് ഒരു പാട്ടുകാരന്റെ പേരിലായിരുന്നു. ക്രിസ് മാർട്ടിൻ ഡൽഹിയിലെ ഒരു കഫേയിൽ അവിചാരിതമായി പാടാനെത്തിയ കഥകളായിരുന്നു ട്വിറ്ററിൽ വൈറലായത്. ക്രിസ് മാർട്ടിനെ സംഗീത പ്രേമികൾ അറിയാതിരിക്കാൻ ഇടയില്ല. ഫിക്സ് യു, പാരഡൈസ്, മാജിക്, തുടങ്ങിയ കോൾഡ് പ്ലേ ഗാനങ്ങളുടെ ശബ്ദം.
എഐബി എന്ന സ്റ്റാൻഡപ്പ് കോമഡി സംഘത്തിലെ രോഹൻ ജോഷിയാണ് ആദ്യം കോൾഡ് പ്ലേയുടെ സ്റ്റാർ സിംഗർ ഡൽഹിയിലെ ഒരു കോഫിഷോപ്പിൽ പാടിയ വിവരം ഇന്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും പുറത്തു വിട്ടത്. ഡൽഹിയിലെ സമ്മർ കഫേയിൽ തന്റെ ഗിറ്റാറിൽ വിരൽമീട്ടി വിവ ല വിദ, ഫിക്സ് യൂ, പാരഡൈസ് തുടങ്ങിയ പാട്ടുകളെല്ലാം ഇദ്ദേഹം പാടി.
പിന്നാലെ വിശാൽ ശേഖർ സംഗീത സംവിധാനക്കൂട്ടിലെ വിശാൽ ധദ്്ലാനിയും ഇതേക്കുറിച്ചു പോസ്റ്റുകളിട്ടതോടെ ചോദ്യങ്ങളായി, ചർച്ചകളായി, സംശയങ്ങളായി, നിരാശകളായി. ഒടുവിൽ വിശദീകരണവുമായി വിശാൽ തന്നെ രംഗത്തെത്തി, ട്വിറ്ററിലൂടെ. അതൊരു മുൻകൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നില്ലെന്നും ഡിന്നർ കഴിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ഒരു ഊർജത്തിന്റെ പിന്നാലെ സമ്മർ കഫേയിൽ എത്തി പാടുകയായിരുന്നെന്നും വിശാൽ വ്യക്തമാക്കി. രാത്രി 11.30യോടെ കഫേയിലെത്തിയപ്പോൾ ആകെയുണ്ടായിരുന്നത് അൻപതോളം പേർ. നടി ഫ്രിദാ പിന്റോ, രഘു ദീക്ഷിത് എന്നിവരെല്ലാം ഒപ്പമുണ്ടായിരുന്നു. എഐബിയുടെ ഷോ അരങ്ങേറാനിരിക്കെയാണു ക്രിസിന്റെ രംഗപ്രവേശനം.
സത്യത്തിൽ മ്യൂസിക് ഷോയുടെ ഭാഗമായല്ല ക്രിസ് ഇന്ത്യയിലെത്തിയത്. ദി ഗ്ലോബൽ പ്രോവർട്ടി പ്രൊജക്ട് എന്ന എൻജിഒയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്രിസും ഫ്രിദയും ഇന്ത്യയിലെത്തിയത്. രാജ്യത്തെ വിവിധ തെരുവുകളിലൂടെ യാത്ര ചെയ്തു പദ്ധതിയുടെ പ്രചാരണം നടത്തുകയാണിവർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ളവരെ ഇതിന്റെ ഭാഗമായി ക്രിസ് മാർട്ടിൻ കാണുന്നുണ്ട്.