തങ്ങളുടെ എക്കാലത്തേയും മികച്ച സംഗീതവുമായാണ് കോൾഡ് പ്ലേ എന്ന ബ്രിട്ടീഷ് സംഗീത സംഘം മുംബൈയിലെ വേദിയിലെത്തിയത്. ലോകം ശ്രദ്ധിച്ച ഈണങ്ങൾ അറബിക്കടലിന്‍ തീരത്തെ നാടിന്റെ സ്പന്ദനങ്ങളിലേക്കു പാടിലയിപ്പിച്ച് വേദിയിൽ നിന്നു അവര്‍ പിൻവാങ്ങിയത് വന്ദേമാതരം എന്ന ഇതിഹാസ ഗാനം പാടിക്കൊണ്ടാണ്. കോൾഡ് പ്ലേയുടെ ഫ്രണ്ട് സിംഗർ ക്രിസ് മാര്‍ട്ടിനും ഏ. ആർ റഹ്മാനും ചേർന്നാണു പാടിയത്. വിദേശികളായ ഗായകർ വന്ദേമാതരം പാടുന്നത് ഏറെ കൗതുകമാണ് നമുക്ക്. ആ കൗതുകത്തിനപ്പുറത്തേക്കാണ് ഇരുവരും ചേർന്നുള്ള ആലാപനം നമ്മെ കൊണ്ടുപോയത്. ഈ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വന്ദേമാതരത്തിന്റെ മാസ്മരകിതയുമായി ഒന്നുകൂടി പകരുകയായിരുന്നു ഏ.ആർ റഹ്മാൻ. ക്രിസ് മാർട്ടിന്റെ ചുണ്ടിലേക്കു വന്ദേമാതരം വന്ദേ മാതരം പാടുവാൻ റഹ്മാൻ മൈക്ക് നീക്കുമ്പോൾ വേദി ഇളകി മറിയുകയായിരുന്നു. അടുത്തു ഗിത്താറും പിടിച്ചു നിൽക്കുകയായിരുന്നു ക്രിസ് റഹ്മാൻ സ്വരത്തിലെ ഊർജമുൾക്കൊണ്ട് എന്ന പോലെ വന്ദേ മാതരം എന്നുറക്കെ പാടുകയായിരുന്നു. മാ തുഝേ സലാം എന്നുറക്കെ പാടിയപ്പോൾ ഉച്ഛാരണത്തിലെ ചെറിയ പിഴവിനു പോലും മനോഹാരിതയേറി. സംഗീത ലോകത്തെ എക്കാലത്തേയും മികച്ച രണ്ടു സംഗീത പ്രതിഭകൾ ഒന്നു ചേർന്ന വേദിയിൽ നിന്നെത്തിയ അപ്രതീക്ഷിത സംഗീതം മുംബൈ നൽകിയത് ഒരു ഇതിഹാസ അനുഭവവും.
ഇന്ത്യയുടെ ആത്മാവിനെ കുറിച്ചു പാടിയ ഗാനമാണ് വന്ദേമാതരം. ബങ്കീം ചന്ദ്ര ചാറ്റർജി ഇന്ത്യൻ സ്വതന്ത്ര്യ സമര കാലത്ത് രചിച്ച ഈ ക്ലാസിക് ഗാനം ഏറ്റവും മനോഹരമായി പാടിത്തന്നിട്ടുള്ളതാരെന്നു ചോദിച്ചാൽ നിസംശയം പറയാം അതു ഏ ആർ റഹ്മാന്‍ ആണെന്ന്. 1997ലാണ് വന്ദേമാതരം എന്ന പാട്ടിനെ പുതിയ ഈണത്തിലും ദൃശ്യങ്ങളിലുമാക്കി വന്ദേമാതരം എന്ന ആൽബം റഹ്മാൻ പുറത്തിറക്കിയത്.