ബാറ്റും കയ്യിലേന്തി ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ ക്രീസിലേക്കു മടങ്ങിയെത്തുന്ന കാഴ്ച ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ്. ആ സ്വപ്നത്തിനു കൂട്ടായി ഇടയ്ക്കിടെ സച്ചിന്റെ ചില നല്ല മുഹൂർത്തങ്ങളും നമ്മളിലേക്കെത്താറുണ്ട്. ലോക പ്രശസ്ത സംഗീതജ്ഞൻ ക്രിസ് മാർട്ടിനൊപ്പം സച്ചിൻ ക്രിക്കറ്റ് കളിച്ച കാഴ്ച അക്കൂട്ടത്തിലൊന്നാണ്. ഇന്നലെ രാത്രി ബോളിവുഡിലെ താര നിരയ്ക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കും മുൻപ് ക്രിസ് മുംബൈ ചുറ്റിയടിച്ചത് സച്ചിനൊപ്പമായിരുന്നു. ആ വേളയിലായിരുന്നു ക്രിക്കറ്റ് കളിയും.
ശ്രീ ഗാഡ്ജേ മഹാരാജ വിദ്യാലയ് സ്കൂളിലെത്തിയപ്പോഴായിരുന്നു സംഭവം. അവിടത്തെ കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ഫോട്ടോയെടുത്തും ഏറെ നേരം ചിലവിട്ടു ഇരുവരും. കുട്ടികൾക്കായി അൽപം സംഗീതവും നൽകി ക്രിസ്. ചുരുക്കി പറഞ്ഞാൽ സച്ചിനും ആ കുട്ടികളുമായിരുന്നു ഇത്തവണത്തെ വരവിൽ ക്രിസ് മാർട്ടിന്റെ സംഗീതം ഇന്ത്യയിൽ ആദ്യം കേട്ടത്. കുട്ടികൾക്കൊപ്പം സെൽഫിയെടുക്കാനും അദ്ദേഹം മറന്നില്ല. ലോകപര്യടനത്തിലാണ് ക്രിസ് മാർട്ടിനും അദ്ദേഹത്തിന്റെ ബാൻഡ് ആയ കോൾഡ് പ്ലേയും. ഇന്നാണ് ഇന്ത്യയിൽ ഇവരുടെ സംഗീത പരിപാടി അരങ്ങേറുക.