ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആവിഷ്കരിക്കുന്ന സച്ചിൻ, എ ബില്യണ്‍ ഡ്രീംസ് എന്നത് നമ്മൾ കാത്തിരിക്കുന്ന ചലച്ചിത്രങ്ങളിലൊന്നാണ്. എ.ആർ.റഹ്മാൻ ആണ് ചിത്രത്തിന് ഈണമൊരുക്കുന്നത് എന്നതാണ് ആ കാത്തിരിപ്പിന്റെ മാധുര്യമേറ്റുന്ന മറ്റൊരു കാര്യം. സിനിമയിലെ ആദ്യ പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. ഹിന്ദ് മേരെ ജിന്ദ് എന്ന പാട്ടും അതിനു നൽകിയ ദൃശ്യങ്ങളും സച്ചിന്റെ ഏറ്റവും പ്രിയപ്പെട്ടൊരു ഒരു ഇന്നിങ്സ് കണ്ടിരിക്കുന്നയത്രയും മനോഹരമാണ്. റഹ്മാൻ തന്നെയാണു പാടിയത്.
സച്ചിന്റെ ബാല്യം, ചേട്ടനിൽ നിന്നു ക്രിക്കറ്റ് പഠിച്ചു തുടങ്ങിയ കാലം, ഇന്ത്യയ്ക്ക് ക്രിക്കറ്റ് എന്നാൽ സച്ചിൻ ആയിരുന്ന കാലഘട്ടം, ത്രിവര്‍ണ നിറം മുഖത്തു വരച്ച് രാജ്യത്തിന്റെ പതാകയെ ഉയരത്തിൽ പാറിച്ച് സച്ചിന്റെ കളിയുള്ളിടങ്ങളിലെല്ലാമെത്തിയ ആരാധകരുടെ ആരവം, സച്ചിന്റെ പ്രണയവും വിവാഹവും മക്കളായ അർജുനും സാറയുമൊത്തുള്ള ആദ്യ കാലങ്ങളൊക്കെയാണ് പാട്ടിന്റെ രംഗങ്ങളിലുള്ളത്.
ഇർഷാദ് കാമിലാണു പാട്ടിനു വരികൾ കുറിച്ചത്. ജയിംസ് എസ്കിനെന്ന ബ്രിട്ടിഷുകാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിനും മകൻ അർജുനും ഉള്‍പ്പെടെയുള്ളവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രവിഭക്ചന്ദ്കയും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്