സച്ചിന്റെ ബാറ്റിങും എ.ആർ.റഹ്മാന്റെ പാട്ടും. ഇന്ത്യയിലെ ഒരുപാട് തലമുറകളെ ഹരംപിടിപ്പിച്ചവരാണ് ഇവര്‍ രണ്ടു പേരും. ഹൃദയത്തോടു ചേർത്തുവച്ചവർ. അതുകൊണ്ടു തന്നെയാണീ പാട്ടിനെ കേൾക്കാനും ഇത്ര ആകാംഷയോടെ കാത്തിരുന്നിത്. സച്ചിൻ തെൻഡുൽക്കറെന്ന ക്രിക്കറ്റ് ഇതിഹാസത്തെ കുറിച്ച് മാന്ത്രിക സംഗീതത്തിന്റെ തമ്പുരാൻ എ.ആർ. റഹ്മാൻ സംഗീതം നല്‍കി പാടിയ പാട്ട് പുറത്തിറങ്ങി. സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന ചിത്രത്തിലേതാണീ ഗാനം. സച്ചിന്റെ പിറന്നാൾ ദിനമാണിന്ന്. പാട്ടിന്റെ റിലീസും ഇന്നായിരുന്നു.
സച്ചിന്റെ ബാറ്റിങ് കണ്ടിരിക്കുന്ന അതേ സുഖം പകരുന്ന പാട്ടു തന്നെയാണിത്. ഇർഷാദ് കാമിലിന്റേതാണു വരികൾ. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ചു മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളേയും സ്പർശിക്കുന്ന ചിത്രമാണിത്. ബ്രിട്ടിഷുകാരനായ ജയിംസ് എസ്കിൻ ആണു സംവിധായകൻ. രവി ഭക്ചന്ദ്ക, കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ശ്രീകാന്ത് ഭാസി എന്നിവർ ചേർന്നാണു ചിത്രം നിർമിക്കുന്നത്. സച്ചിനു പുറമെ മകൻ അർജുൻ തെൻഡുൽക്കർ, വിരേന്ദ്ര സേവാഗ് എന്നിവരും സിനിമയിലെ താരനിരയിലുണ്ട്.