സച്ചിൻ സച്ചിൻ എന്ന വിളികള്‍ക്കു പോലും ഹൃദയം കീഴടക്കുന്ന താളമാണ്. ആ ആരവത്തെ കടമെടുത്ത് എ.ആര്‍.റഹ്മാൻ സച്ചിനെ കുറിച്ചുള്ള ചിത്രത്തിനു തീർത്ത പാട്ടിനും അതേ ഭംഗി. പാട്ടിന്റെ ഹിന്ദി വേർഷൻ തരംഗമാകുമ്പോൾ ദാ എത്തിയിരിക്കുകയാണ് ഗാനത്തിന്റെ മറാത്ത വേർഷനും. സച്ചിന്റെ മാതൃഭാഷയിലുള്ള ഗാനം പാടിയിരിക്കുന്നത് നകാഷ് അസീസ്, പൂർവി കൗതിഷ്, നിഖിത ഗാന്ധി എന്നിവര്‍ ചേർന്നാണ്. ഇർഷാദ് കാമില്‍ രചിച്ച ഹിന്ദി വരികളെ മറാത്തയിലേക്കു മൊഴിമാറ്റിയത് സുബോധ് ഖനോൽക്കറാണ്.
സച്ചിന്റെ ജീവിതത്തെ കുറിച്ചുള്ള ഡോക്യുഫിക്ഷൻ 30 കോടിയോളം രൂപ നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. ബ്രിട്ടിഷ്കാരനായ ജെയിംസ് എർസ്കിനാണു ചിത്രം സംവിധാനം ചെയ്തത്. രവി ഭഗ്ചന്ദ്‍വികയും കാർണിവൽ മോഷന്‍ പിക്ചേഴ്സും ചേർന്നാണ് സിനിമ നിർമിക്കുന്നത്.