വൈരമുത്തുവിന് താനുവിന്റെ മറുപടി

മാനേജരെ അയച്ച് നാലായിരം ടിക്കറ്റുകൾ വാങ്ങിയതല്ലാതെ വൈരമുത്തു കബാലിയെന്ന ചിത്രം കണ്ടുവെന്നു കരുതുന്നില്ലെന്ന് നിർമ്മാതാവ് എസ്.താനു. കബാലി പരാജയമാണെന്ന പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. വൈരമുത്തുവിന്റെ പരാമർശം ഏറെ വേദനാജനകമാണ്. എന്തായാലും വാക്കുകൾ കുറച്ചധികമായി പോയി എന്നും താനു പറഞ്ഞു. 

വൈരമുത്തുവിനു മറുപടിയുമായി സംവിധായകൻ പി. രഞ്ജിത്തുമെത്തി. 'ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവുമധികം ബഹുമാനിക്കുന്ന ആളുകളിലൊരാളാണു വൈരമുത്തു. എന്താണ് ഇത്തരത്തിലൊരു പരാമർശം നടത്തുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നറിയില്ല. അതെന്നെ അത്ഭുതപ്പെടുത്തുന്നു. ഒരുപാടാളുകൾ ചിത്രത്തെ കുറിച്ച് തീർത്തും നെഗറ്റീവ് ആയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഞാനതിനോടൊന്നും പ്രതികരിക്കുന്നില്ല'. ഇത്തരം വിഷയത്തില്‍ ഇനി കൂടുതൽ എന്തെങ്കിലും പറയണമെന്നു കരുതുന്നില്ലെന്നും രഞ്ജിത് പറഞ്ഞു. 

രജനീകാന്തിനേക്കാൾ മുൻപേ കോട്ടും സ്യൂട്ടും ധരിച്ച് ഒരുപാടു പേർ സിനിമയിൽ വന്നിട്ടുണ്ട്. രഞ്ജിത് ആ ശൈലി കോപ്പിയടിച്ചാണു കബാലിയ്ക്കു നൽകിയത്. നീതീകരിക്കാനാകാത്തതും വിശദീകരിക്കാനാകാത്തതുമായ ഒരുപാടു കാര്യങ്ങൾ സിനിമയിലുണ്ട്. എയർഫോഴ്സ് വിമാനം കാണാതായതു പോലെയുള്ളത്. കബാലി ഒരു പരാജയം തന്നെയാണ്. എന്നായിരുന്നു വൈരമുത്തുവിന്റെ പരാമർശം. 

കബാലി എന്ന രജനീകാന്ത് ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്. എങ്കിലും സിനിമാ ലോകം ഏറെയിഷ്ടത്തോടെയാണു ചിത്രത്തെ വരവേറ്റത്. 250 കോടിയോളം രൂപയാണു വെള്ളിയാഴ്ച തീയറ്ററിലെത്തിയ ഈ ചിത്രം ഇതുവരെ നേടിയത്.