Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുകേഷ് കുട്ടനൊപ്പമുള്ള ചിത്ര ചേച്ചിയുടെ പാട്ട് വൈറലായി

chithra-sukesh1

സുകേഷ് കുട്ടനെ അറിയില്ലേ...ഓട്ടിസം തീർക്കുന്ന അതിരുകളെ പാട്ടിന്റെ മനോഹാരിത കൊണ്ട് മായ്ച്ച് കളഞ്ഞ സുകേഷ്. സുകേഷ് ചിത്ര ചേച്ചിക്കൊപ്പം പാടുന്ന ഒരു വിഡിയോയാണ് കുറച്ചു ദിവസമായി ഫേസ്ബുക്കിലെ ആരാധകർ ഏറെയിഷ്ടത്തോടെ കാണുന്നത്. മസ്തിഷ്ക പ്രവർത്തനങ്ങളുടെ വ്യത്യസ്ത സഞ്ചാരം സുകേഷിന്റെ ജീവിതത്തിൽ വിഷാദത്തിന്റെ ഛായ പടർത്തിയെങ്കിലും ആ കണ്ഠത്തിൽ മറ്റൊരു സമ്മാനം ദൈവമൊളിപ്പിച്ചു വച്ചിരുന്നു. കെ എസ് ചിത്രയ്ക്കൊപ്പം ചെന്താർ മിഴീ പൂന്തേൻ മൊഴീ എന്ന ഗാനം പാടുമ്പോൾ നമ്മളിങ്ങനെ ലയിച്ചിരുന്നു പോകുന്നത് അതുകൊണ്ടാണ്.

ഓട്ടിസം ബാധിച്ചവർക്കായി പ്രാർഥിച്ചുകൊണ്ട് ഫേസ്ബുക്ക് വഴി ചിത്ര ചേച്ചിയാണ് സുകേഷ് കുട്ടനൊപ്പം ആലപിക്കുന്ന വിഡിയോ നമ്മിലേക്കെത്തിച്ചത്. ഈ ലോകം ഇവർക്കായുള്ള സുന്ദരമായൊരിടം തന്നെയെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് ചിത്ര പാടുന്നത്. സുകേഷിന്റെ ഘനഗാഭീര്യമുള്ള ശബ്ദത്തിലെ സുന്ദരമായ ആലാപന ശൈലി ചിത്ര പൗർണമിയുടെ നാദത്തിനൊപ്പം ചേരുമ്പോൾ ചെന്താമര ചന്തം പോലൊരു പാട്ടുൽസവം വിരിഞ്ഞു. എത്ര കണ്ടിട്ടും കേട്ടിട്ടും ഫേസ്ബുക്ക് ചങ്ങാതിമാർക്ക് മതി വരുന്നേയില്ല. ആറു ലക്ഷത്തിലധികം പ്രാവശ്യമാണ് ഫേസ്ബുക്കിലെ പാട്ട് ഇഷ്ടക്കാർ ഈ വിഡിയോ കണ്ടത്. പതിനയ്യായിരത്തോളം പേരാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലേക്ക് ഈ വിഡിയോ പങ്കുവച്ചതും.