കാട്രുവെളിയിടൈയിലെ കലക്കൻ കല്യാണപ്പാട്ട്

കാട്രുവെളിയിടൈ എന്ന മണിരത്നം ചിത്രത്തിൽ ഏ ആർ റഹ്മാൻ ഈണമിട്ട കല്യാണപ്പാട്ട് പുറത്തിറങ്ങി. സരട്ടു വണ്ടിയില...എന്നു തുടങ്ങുന്ന പാട്ടിന് പുതുമയുടെ ഈണമല്ല. പക്ഷേ ഗാനം ഒന്നു കേട്ടാൽ മതി നമുക്കൊരുപാടിഷ്ടമാകും. പിന്നെയതു പാടി നടക്കും. അത്രയേറെ ഹൃദയം തൊടുന്ന ലളിതമായ താളമേളമാണ് പാട്ടിന്. ഇന്നലെ പുറത്തിറങ്ങിയ ഗാനത്തിന്റെ ലിറികൽ വിഡിയോ ഒരു ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. തൊണ്ണൂറുകളിലെ ഏ ആർ റഹ്മാന്‍ പാട്ടുകളെ അനുസ്മരിപ്പിക്കുന്ന ഈണം. 

വൈരമുത്തുവിന്റെ വരികൾക്ക് ഏ ആർ റെയ്ഹാന, ടിപ്പു, നിഖിത ഗാന്ധി എന്നിവരാണു സ്വരമായത്. അർജുൻ ചാണ്ടി, സന്തോഷ് അപര്‍ണ, ദീപ്തി സുരേഷ്, അഭയ് ജോധ്പുർകർ എന്നിവരാണ് ബാക്കിങ് വോക്കല്‍. കമലാകറിന്റെ പുല്ലാങ്കുഴൽ വായനയും കേബ ജെറമിയയും ക്രിസ് ജാസണും ചേർന്ന ഗിത്താറും റ്റി രാജയും കുമാറും യാഷും ചേർന്നു വായിച്ച കൊട്ടു വാദ്യവും പാട്ടിന് ഇമ്പമേറ്റുന്നു. മാൻഡലിനും സന്തൂറും കൈകാര്യം ചെയ്തത് സുഭാനിയും സാസ് ലോകേഷുമാണ്. 

കാട്രുവെളിയിടൈയിലെ മൂന്നാമത്തെ ഗാനമാണിത്. അതൊരു കല്യാണപ്പാട്ട് ആയിരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലിറികൽ വിഡിയോയ്ക്ക് ഒപ്പമുള്ള ദൃശ്യങ്ങളിൽ കല്യാണപ്പെണ്ണായി അതിസുന്ദരിയാണു അദിതി റാവു. നായകൻ കാർത്തിയും അങ്ങനെ തന്നെ. മണിരത്നം സിനിമയിലെ കല്യാണങ്ങൾക്കും പ്രണയങ്ങൾക്കും മറ്റെങ്ങും കാണാനാകാത്ത പ്രത്യേക ഭംഗിയാണല്ലോ. ഈ പാട്ടിന്റെ വിഡിയോയ്ക്കു വേണ്ടിയുള്ള ആകാംഷയും അതുകൊണ്ട് ഏറെയാണ്. സിനിമയിലെ പാട്ടുകൾക്കെല്ലാം മിശ്രാഭിപ്രായമാണു ലഭിക്കുന്നത്.