ഒരു മിന്നാമിനുങ്ങു തന്നെയായിരുന്നു കലാഭവൻ മണി. ഒരുപാടൊരുപാട് നല്ലോർമകൾ സമ്മാനിച്ചിട്ട് മിന്നാമിനുങ്ങിനെ പോലെ വേഗം മറഞ്ഞുപോയൊരാൾ. കലാഭവൻ മണിയെന്ന അഭിനേതാവിനെ പോലെ, മനുഷ്യനെ പോലെ അയാളിലെ പാട്ടുകാരനേയും മലയാളി സ്നേഹിക്കുന്നുവെങ്കിൽ അതിന്റെ കാരണങ്ങളിലൊന്നും മിന്നാമിനുങ്ങിനെ കുറിച്ചുള്ള പാട്ടാണ്. പെട്ടെന്നൊരു ദിവസം അദ്ദേഹം കടന്നുപോയിട്ടും ആ പാട്ടുകളിങ്ങനെ കാതിൽ മുഴങ്ങുന്നതും കുത്തിനോവിക്കുന്നതും അതുകൊണ്ടാണ്.
'മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ'... എന്ന ആ ഒരൊറ്റ പാട്ടിലൊളിഞ്ഞിരിപ്പുണ്ട് മണിച്ചേട്ടൻ. അതുകൊണ്ടാകാം അദ്ദേഹത്തെ അനുസ്മരിച്ച് നടന്ന ചടങ്ങിൽ മകൾ ശ്രീലക്ഷ്മി ആ പാട്ട് പാടിയതും. കണ്ണുനനയാതെ കേട്ടിരിക്കാനാകില്ല ഈ പാട്ട്.
ഏത് വേദിയിൽ പാട്ടുമായി പോയാലും ശ്രോതാക്കൾ മണിച്ചേട്ടനോട് പാടാൻ ആവശ്യപ്പെട്ടിരുന്ന രണ്ട് പാട്ടുകളാണ് ഉമ്പായിക്കുച്ചാണ്ട്... എന്നു തുടങ്ങുന്ന ഗാനവും മിന്നാമിനുങ്ങേ... ഗാനവും. അതു മറ്റൊന്നും കൊണ്ടല്ല. മണി പാടിയ പാട്ടുകളെല്ലാം അദ്ദേഹത്തിന്റെ ജീവിതവുമായി ചേർന്നുനിൽക്കുന്നുവെന്നതിനാൽ ആലാപനം അത്രയേറെ ആഴത്തിലുള്ളതായിരുന്നു. കേഴ്‌വിക്കാരനിലേക്ക് എത്തിയതും അതേ തീവ്രതയോടെ തന്നെ. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ...എന്ന ഗാനം കബഡി കബഡി എന്ന ചിത്രത്തിലേതാണ്.