മണിരത്നം ചിത്രത്തിലെ ഏ ആർ റഹ്മാൻ ഗാനങ്ങളെല്ലാം കടലിലേക്കു പെയ്തിറങ്ങിയ നിലാമഴത്തുള്ളികൾ പോലെ ചന്തമുള്ളവയാണ്. കാലം എത്ര കടന്നാലും ആ വശ്യതയ്ക്കു മാറ്റമുണ്ടാകില്ല. കാർത്തിയും അദിതിയും പ്രണയാർദ്രരായി എത്തുന്ന കാട്ര് വെളിയിടൈ എന്ന ചിത്രത്തിലെ ഒരു സംഗീത കണം ഇന്ത്യയൊന്നാകെ നെഞ്ചോടു ചേര്‍ത്തു വയ്ക്കുകയാണ്. സെക്കൻഡുകളുടെ ദൈർഘ്യമേ പാട്ടിനുള്ളൂ. പക്ഷേ വരാനിരിക്കുന്നത് ഒരു ഏ ആർ റഹ്മാൻ മാജിക് ഗാനമാണെന്ന് പറയുന്നു ആ നിമിഷങ്ങൾ. ഒപ്പം മണിരത്നം കാമറ കൊണ്ടു വീണ്ടും കവിതയെഴുതിയിരിക്കുകയാണെന്നും. രവി വർമന്റേതാണു ഛായാഗ്രഹണം.
അത്രയേറെ ആഴമുള്ളൊരു മെലഡി ഗാനമാണ് ടീസറിനൊപ്പമുള്ളത്. പാട്ട് അടുത്ത മാസം രണ്ടിന് റിലീസ് ചെയ്യും. ഒറ്റ രാത്രി കൊണ്ട് ഒമ്പതു ലക്ഷത്തോളം പേരാണ് ഈ ടീസർ യൂട്യൂബ് വഴി കണ്ടത്. യുട്യൂബ് ട്രെൻഡിങിലും ഒന്നാമതാണ് ഈ പാട്ട്. ആരാണ് പാട്ടു പാടിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. പാട്ടിലുള്ള ഗദ്യ ഭാഗം അവതരിപ്പിച്ചിരിക്കന്നത് നടൻ ചിമ്പു ആണെന്നാണ് സൂചന. വൈരമുത്തുവും കർക്കിയും ചേർന്നാണ് സിനിമയിലേക്കുള്ള ഗാനങ്ങൾ കുറിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മറ്റേതു സംഗീത സംവിധായകരും ചെയ്യുന്നതിനേക്കാൾ വ്യത്യസ്തമായിട്ടും വിചിത്രമായിട്ടുമാണ് ഓരോ ഗാനങ്ങളും അദ്ദേഹം റെക്കോഡ് ചെയ്യുന്നത്. കോടമ്പാക്കത്തെ റഹ്മാന്‍ സ്റ്റുഡിയോയിലിരുന്ന് വെറുതെ പാടിയ ചില ഗാനങ്ങള്‍ തങ്ങളെ പോലും അതിശയിപ്പിക്കുന്ന രീതിയിൽ പുതിയ ഗാനമായി അദ്ദേഹം മാറ്റിയിട്ടുണ്ടെന്ന് ഒരുപാടു ഗായകർ പറഞ്ഞിട്ടുണ്ട്. പാട്ടിന്റെ മിക്സിങിൽ കാണിക്കുന്ന ഈ മാന്ത്രികതയാണ് ഓരോ പാട്ടിനേയും കാലാതീതമാക്കുന്നത്. ആ മാജിക് തന്നെയാണീ ഗാനത്തിലുമുള്ളത്. സെക്കൻഡുകൾ മാത്രം നീളുന്ന ഈ സംഗീതത്തോട് നമ്മൾ അഡിക്ട് ആയിപ്പോകുന്നതും അതുകൊണ്ടു തന്നെയാണ്. ോേ്jkjk