ഷാരുഖ് ഖാനെ ഏറ്റവും ഭയപ്പെടുത്തിയ പാട്ടു ചിത്രീകരണം

ഏ ആർ റഹ്മാന്റെ സംഗീതം ലോകം ശ്രദ്ധിച്ചു തുടങ്ങിയത് ദില്‍ സേയിലെ ഗാനങ്ങളിലൂടെയാണ്. പ്രേത്യകിച്ച് ഛയ്യ ഛയ്യ എന്ന പാട്ട്. ഹെവി മെറ്റാലിക് താള വിന്യാസമൊരുക്കി റഹ്മാൻ തീർത്ത പാട്ടുപോലെ അവിസ്മരണീയവും ത്രില്ലിങുമായിരുന്നു അതിന് മണിരത്നം നൽകിയ ദൃശ്യങ്ങളും. മലയിടുക്കുകൾക്കും വനാന്തരങ്ങൾക്കും ഇടയിലൂടെ കൂകിപ്പായുന്ന തീവണ്ടിയുടെ മുകളിൽ നിന്ന് ഷാരുഖും സംഘവും നൃത്തം ചെയ്യുന്ന പാട്ടു രംഗം അന്നും ഇന്നും ഇന്ത്യൻ യുവത്വത്തിന്റെ ഹരമാണ്. പക്ഷേ തനിക്ക് ഏറ്റവും പേടിപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു ഛയ്യ ഛയ്യയുടെ ഷൂട്ടിങ് എന്നാണ് ഷാരുഖ് ഖാന്റെ അഭിപ്രായം.

പുതിയ ചിത്രമായ റയീസിന്റെ പ്രചരണാർഥം ഓഗസ്റ്റ് ക്രാന്തി എക്സ്പ്രസിൽ മുംബൈയിൽ നിന്ന് ഡൽഹി വരെ ട്രെയിനിൽ സഞ്ചരിച്ചപ്പോഴാണ് ഛയ്യ ഛയ്യയുടെ ഓർമകളെ കുറിച്ച് വാർത്താ ഏജൻസിയോടു പങ്കുവച്ചത്. എന്താണ് അന്ന് അത്രയും പേടി തോന്നിയത് എന്ന് അറിയില്ല. അന്ന് 31 വയസേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒഴികെ ബാക്കിയെല്ലാ നർത്തകരുടെയും കാലുകൾ ട്രെയിനിന്റെ പ്രതലത്തിലും മറ്റുമായി ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. എനിക്ക് ചാടി ഓടി നൃത്തം ചെയ്യേണ്ടിയിരുന്നതിനാൽ അതുണ്ടായില്ല. ഒരുപക്ഷേ അതുകൊണ്ടാകും ഇത്രയും പേടിതോന്നിയത്. ഇപ്പോഴും ആ രംഗങ്ങളെ കുറിച്ചോർക്കുമ്പോൾ പേടി തോന്നാറുണ്ട്. ഷാരുഖ് ഖാന്‍ പറഞ്ഞു. ഡ്യൂപിന്റെയടക്കം ഒരു സഹായവും കൂടാതെയാണ് ഗാനരംഗവും മുഴുവൻ ചിത്രീകരിച്ചത്. 

തീവണ്ടി ഒരു പാലത്തിലേക്കു കയറുന്ന സീൻ ഷൂട്ട് ചെയ്തതാണ് ഏറ്റവും പേടിപ്പെടുത്തിയത്. കാര്യമായ മുൻകരുതലുകൾ എടുത്തുകൊണ്ടായിരുന്നില്ല ഷൂട്ടിങ്. ഇന്നത്തെ അത്രയും സാങ്കേതിക വിദ്യയൊന്നും അന്ന് ഇല്ലല്ലോ. അതുപോലെ ഷൂട്ടിങ് ടീമിൽ നിന്നുള്ള നിർദ്ദേശങ്ങളൊന്നും തീവണ്ടിയുടെ ശബ്ദം കാരണം ഒന്നും കേൾക്കാനായിരുന്നില്ല. തീവണ്ടി വളരെ പതുക്കെയാണ് പൊയ്ക്കൊണ്ടിരുന്നത്.കൊറിയോഗ്രാഫർ ഫറാ ഖാന്‍ ആയിരുന്നു ഒരു കമ്യൂണിക്കേറ്റർ. വണ്ടി എപ്പോഴാണോ പാലത്തിലേക്കു കയറുന്നത് അന്നേരം അവര്‍ ഒരു വെള്ള തൂവാല ഉയർത്തി കാണിക്കും. അതിന്റെ അർഥം ഡാൻസ് നിർത്തി ഇരിക്കണമെന്നാണ്. അന്നേരത്തെ തീവണ്ടിയുടെ ശബ്ദം ശരിക്കും പേടിപ്പിച്ചിരുന്നു. ഷാരുഖ് പറഞ്ഞു.

ദിൽ സേ എന്ന ചിത്രത്തിലെ ഈ പാട്ട് എഴുതിയത് ഗുൽസാർ ആണ്. സുഖ്‍വിന്ദർ സിങും സപ്ന ആസ്വാദിയും ചേർന്നാണ് ഈ പാട്ട് പാടിയത്.