സിനിമാ സമരം കാരണം നമ്മൾക്ക് ക്രിസ്മസിനു പുതിയ ചിത്രങ്ങളൊന്നും കാണാനായില്ല. പുതുവത്സരമെങ്കിലും തീയറ്ററിൽ ആഘോഷിക്കാനാകുമോയെന്നു കാത്തിരുന്നു കാണണം. സിനിമ പുറത്തു വന്നില്ലെങ്കിലും ആ സിനിമകളിലെ മികച്ച ഗാനങ്ങളെല്ലാം പുറത്തിറങ്ങി. വേറിട്ട ഈണവും ആലാപനത്തിലെ ഭംഗിയും കൊണ്ട് അവയെല്ലാം നമ്മുടെ കാതോരത്ത് ഇപ്പോഴുമുണ്ട്. ബോളിവുഡിൽ നിന്നുമെത്തി അങ്ങനെയുള്ള നല്ല പാട്ടുകൾ. ആ ഗാനങ്ങളെ ഒന്നുകൂടി കേൾക്കാം. അറിയാം...
ദങ്കൽ ദങ്കൽ
ഒരു അച്ഛന്റെയും അയാളുടെ പെൺമക്കളുടേയും പോരാട്ടത്തിന്റെ ആഴമെന്തെന്ന് പാടുന്ന പാട്ട്. എത്ര ഊർജ്ജത്തോടെയാണ് ആത്മവിശ്വാസത്തോടെയാണ് കഠിനതകളിലൂടെയാണ് പെൺമക്കളുടെ കൈപിടിച്ച് ആ അച്ഛൻ മുന്നേറുന്നതെന്ന് പാടുന് ഗാനം...ദങ്കൽ ദങ്കൽ...എന്നു പാടിത്തുടങ്ങുമ്പോഴേ ആകെ ഒരു ഉണർവാണ്. കുളിരുകോരുന്ന പോലെ. ശരീരത്തിലെ ഓരോ കോശവും ഊർജപ്രവാഹത്തിന്റെ ഇടങ്ങളാകുന്ന അനുഭൂതി പകരുന്നൊരു പാട്ട്. ജീവിതത്തോടു പൊരുതാൻ ഓരോ കേൾവിക്കാരനോടും അഭിസംബോധന ചെയ്യുകയാണീ ഗാനം. ഡാലെർ മെഹന്ദിയുടെ ഉറച്ച ഉയർന്ന സ്വരവും ഗോദയിലുയരുന്ന ആരവം പോലുള്ള ബാക്കിങ് വോക്കലും ചേർന്ന പാട്ട് ഇന്ത്യയൊന്നാകെ ഏറ്റുപാടുകയാണ്. പ്രിതത്തിന്റേതാണ് സംഗീതം. അമിതാഭ് ഭട്ടാചാര്യയാണു വരികൾ കുറിച്ചത്.
ലൈലാകമേ...
ആദ്യമായി കണ്ടുമുട്ടി പ്രണയത്തിലേക്ക് ഒരുമിച്ചു നടന്നുനീങ്ങി ഒരുപാടൊരുപാട് സ്വപ്നം കണ്ട നാടിനോടു യാത്ര പറയുകയാണ് അവനും അവളും. ആ പ്രണയത്തിന്റെ കഥയിലേക്കാണ് പാട്ടും അതിനൊപ്പമുള്ള കാഴ്ചകളും പ്രേക്ഷകനെ കൈപിടിച്ചത്. ലൈലാകമേ...എന്ന ഈ പാട്ട് വയലറ്റ് നിറമുള്ള പൂക്കളുടെ ചന്തത്തോടെ മനസിനുള്ളിലേക്കു വന്നു കൂടു കൂട്ടിയിട്ട് കുറേ ദിവസമായി. ഒരു നോവായി സുഖമായി മനസിലേക്കങ്ങ് അലിഞ്ഞു ചേർന്നുപോയി. ലൈലാകമേ എന്ന വാക്കു തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്...ബി.കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് ഈണമിട്ട പാട്ട് ഹരിചരൺ ആണു പാടിയത്...
അത്തിമരക്കൊമ്പിലെ...
ശ്രേയാ ഘോഷാലിന്റെ ഉച്ഛാരണശുദ്ധി പലവട്ടം നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്. പാട്ട് പഠിച്ചെടുക്കുന്നതിൽ ശ്രേയാ ഘോഷാൽ പുലർത്തുന്ന അർപ്പണബോധം തന്നെയാണ് ബംഗാളി പാട്ടുകാരിയെ മലയാള പ്രേക്ഷകരുടെ സ്വന്തം ഗായികയാക്കിയത്. കുയിൽ നാദം പോലുള്ള ആ സ്വരത്തിന്റെ ചേലു മുഴുവൻ ഈ പാട്ടിലുണ്ട്. അരുവിക്കരുകിലൊതുങ്ങി ചിരിച്ചു നിൽക്കുന്ന ഒരു കാട്ടുപൂവിൻ ഭംഗിയുണ്ട് പാട്ടിൻ വരികൾക്ക്...ആ പൂവിനടിയിലെ ഇലത്തുമ്പുകളെ തട്ടി പുഴയൊഴുകുന്ന താളമുണ്ട് വരികൾക്ക്. അതുപോലെ മനോഹരമാണ് ശ്രേയയുടെ ആലാപനവും. വിജയ്‍യുടെയും. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. എം ജയചന്ദ്രൻ ഈണമിട്ട പാട്ട് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലേതാണ്.
വേനൽ മെല്ലെ വന്നു പോയി
മഴയായി മഞ്ഞായി വേനലായി നെഞ്ചിലേക്കു പെയ്തു വീണൊരു പ്രണയത്തെ കുറിച്ചാണ് മറുപടി എന്ന ചിത്രത്തിലെ പാട്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ട പാട്ട് പാടിയത് വർഷ വിനു എന്ന പുതു ഗായികയാണ്. അനാഥത്വത്തിൽ നിന്ന് പ്രണയമെന്ന കൂടാരത്തിലേക്കെത്തിയൊരു പെൺമനസിൻ ചിന്തകളാണ് മഞ്ഞു വീണൊരു രാവിലൂടെ പോക്കുവെയിലണിഞ്ഞ സായന്തനത്തിന്റെ ഭാവഭേദങ്ങളിലൂടെ പാടിയത്. രാത്രിമുല്ലയുടെ മണം മാതിരിയുള്ളൊരു പാട്ട്
എന്ന സോണ
അരിജിത് സിങ് ഈ പാട്ടു പാടിയിരിക്കുന്ന രീതിയാണ് ഗാനത്തെ ചുണ്ടോരങ്ങളിൽ അനശ്വരമാക്കിയത്. ഓകെ ജാനു എന്ന ചിത്രത്തിലെ പാട്ട് വെറുതെ നിൽക്കുന്ന ഓരോ വേളയിലും അറിയാതെ പറയാതെ നമ്മോടു കൂട്ടുകൂടാനെത്തുകയാണ്. ഏതൊരു ഏ ആർ റഹ്മാൻ ഗാനത്തേയും പോലെ. ഗുൽസാറിന്റേതാണു വരികൾ. അലസമായി ഒഴുകുന്ന പശ്ചാത്തല സംഗീതത്തോടൊപ്പം പ്രണയത്തിന്റെ ആലസ്യ ഭംഗിയുള്ള പാട്ട്.