പ്രണയത്തിന്റെ ഭംഗിയാണ് ഓകെ ജാനു എന്ന ചിത്രമെന്ന് അതിന്റെ ട്രെയിലറും പോസ്റ്ററുമൊക്കെ നമ്മോടു പറഞ്ഞതാണ്. ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറും ചേർന്ന അഭിനയ ജോഡികളുടെ കെമിസ്ട്രിയാണ് ചിത്രത്തെ കൂടുതൽ പ്രണയാർദ്രമാക്കിയതും. അതുകൊണ്ടു തന്നെ പാട്ടുകളേയും കാത്തിരിക്കുകയായിരുന്നു. ഏ ആർ റഹ്മാൻ ഈണമിട്ട ഗാനങ്ങളിൽ മൂന്നാമത്തേതും പുറത്തിറങ്ങുമ്പോൾ ചിത്രത്തിനായി ഏറെ സുഖമുള്ളൊരു കാത്തിരിപ്പിലാണ് പ്രേക്ഷകന്.
ഗുൽസാർ എഴുതിയ കാവ്യാത്മക വരികളിലൂടെ എ ആർ റഹ്മാൻ അരിജിത് സിങിന്റെ സ്വരത്തിലൂടെ നടത്തിയൊരു രസകരമായ സംഗീത യാത്രയാണ് ഈ പാട്ട്. സിനിമയിലെ പ്രണയകാഴ്ചകൾക്ക് കടലാഴ ഭംഗിയുണ്ടെന്ന് പറയുന്നു ഈ പാട്ട്.
മുംബൈയുടെ നഗര ത്രസിപ്പിലൂടെ നായകനും നായികയും തങ്ങളുടേതു മാത്രമായൊരു ലോകം തീർത്ത് നടത്തുന്ന യാത്രയാണ് ഈ പാട്ടിലുമുള്ളത്. മളയത്ത് പ്രണയം പങ്കിട്ട് ചുംബനങ്ങൾ കൈമാറിയുള്ളൊരു യാത്ര. അരിജിത് സിങിന്റെ ശബ്ദത്തിന്റെ ചേലും പിന്നെ ആ മൂഡിനൊപ്പം തന്റെ സ്വരം വിഭിന്നമാക്കിയ ക്രിയാത്മയുമാണ് ഗാനത്തെ ഇത്രയേറെ മനോഹരമാക്കിയതെന്ന് നിസംശയം പറയാം.