ആഘോഷങ്ങളുടെ കൊച്ചി നഗരത്തിലേക്ക് ഈണങ്ങളുടെ ആഘോഷവുമായി റഹ്മാനെത്തുന്നു. മദ്രാസിന്റെ സംഗീത ചക്രവർത്തി തന്റെ സംഗീത സംഘത്തോടൊപ്പം ഏപ്രിൽ16നാണ് കൊച്ചിയിലെത്തുക. ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.
റഹ്മാൻ ഈണം തൊട്ട ഒരു വരിയായാലും മതി അത് എത്രകേട്ടാലും നമുക്ക് മതിവരില്ല. ഇരുപത്തിയാറ് വർഷം മുൻപാണ് മണിരത്നം ചിത്രമായ റോജയിലൂടെയാണ് ആദ്യമായി റഹ്മാൻ സംഗീതം നമ്മൾ ആദ്യമായി കേൾക്കുന്നത്. അന്നു തൊട്ട് ഇന്നുവരെ കേട്ട റഹ്മാൻ ഈണങ്ങളെല്ലാം മനസുകൾ കീഴടക്കിയിരുന്നു. ലൈവ് സ്റ്റേജ് പരിപാടികൾക്ക് വ്യത്യസ്തമാർന്ന മുഖം നല്‍കിയതും റഹ്മാനും സംഘവും തന്നെയാണ്. തന്റെ സിനിമാ ഗീതങ്ങളുടെ വ്യത്യസ്തമാർന്ന മുഖങ്ങളുമായി പുതിയ ഈണങ്ങളുമായി ദേശാന്തരങ്ങൾ പിന്നിടുകയാണ് റഹ്മാൻ. അക്കൂട്ടത്തിൽ കൊച്ചിയും ഒരിടമായി മാറിയത് മലയാളികൾക്ക് കിട്ടുന്ന ഏറ്റവും മനോഹരമായ സമ്മാനം തന്നെ.