അമ്പത് ലക്ഷം പിന്നിട്ട് സൽമാന്റെ മേ ഹു ഹീറോ തേര

സൂപ്പർഹിറ്റായി മുന്നേറുകയാണ് സൽമാൻ ഖാന്റെ മേ ഹു തേര ഹീറോ എന്ന ഗാനം. യൂട്യൂബ് ഇന്ത്യയിലെ ട്രെന്റിംഗ് ലിസ്റ്റിൽ തുടരുന്ന ഗാനം ഇതുവരെ 68 ലക്ഷം ആളുകളാണ് യുട്യൂബിലൂടെ കണ്ടത്. കിക്കിലെ ഹാങ്ഓവർ എന്ന ഗാനത്തിന് ശേഷം സൽമാൻ ഖാൻ പാടിയ ഗാനമാണ് മേ ഹു ഹീറോ തേര. സൽമാൻ മനോഹരമായി ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അമാൽ മാലിക്കാണ്. കുമാർ വരികൾ എഴുതിയിരിക്കുന്നു.

കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ഡൽഹി സഫാരി, ഡി ഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോ. ഹിന്ദി സിനിമ നടൻ ആദിത്യ പഞ്ചോലിയുടെ മകൻ സൂരജ് പഞ്ചോലിയും സുനിൽ ഷെട്ടിയുടെ മകൾ അദിയ ഷെട്ടിയും നായികാനായകൻമാരായി അഭിനയിക്കുന്ന ചിത്രം 1983 ൽ പുറത്തിറങ്ങിയ ഹീറോയെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. നിഖിൽ അദ്വാനിയും ഉമേഷ് ബിസ്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സൂരജിനേയും അദിയയേയും കൂടാതെ ടിഗ്മാൻഷും ദുലിയ, ആദിത്യ പഞ്ചോലി, ശരത് ഖേൽഖർ എന്നിവരും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻഖാനും സുഭാഷ് ഗായിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബറിൽ തീയേറ്ററിലെത്തും.